ചെന്നൈ: ഡിഎംകെ നേതാവിന്റെ മകന്റെ വീട്ടിൽ ജോലിക്കാരിയായ യുവതി ഇരയായത് ക്രൂരമായ പീഡനത്തിന്. ചെന്നൈ പല്ലാവരം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഐ. കരുണാനിധിയുടെ മകൻ ആന്റോ മണിവണനും ഭാര്യ മെർലിനയും ചേർന്നാണ് പതിനെട്ടുകാരിയായ ദളിത് പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂർപ്പെട്ട് സ്വദേശിനി രേഖയാണ് ഇവരുടെ ക്രൂരതയ്ക്ക് ഇരയായത്. യുവതി ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് വ്യക്തമാകുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
മുളകുപൊടി കലക്കിയ വെള്ളം കുടിപ്പിക്കുകയും സിഗരറ്റ് കത്തിച്ച് ദേഹത്തെല്ലാം പൊള്ളലേൽപ്പിക്കുകയും ചെയ്തെന്ന് പെൺകുട്ടി വിഡിയോയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏഴു മാസമായി രാത്രി 12 വരെ ജോലി ചെയ്തിട്ടും ശമ്പളം നൽകിയില്ലെന്നും യുവതി വെളിപ്പെടുത്തുന്നുണ്ട്. പരുക്കേറ്റ രേഖ കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സംഭവത്തിൽ നീലാങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ പൊലീസ് സ്വീകരിച്ച നടപടികളെപ്പറ്റി വിശദമായ റിപ്പോർട്ട് നൽകാൻ ദേശീയ വനിതാ കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊങ്കലിനായി വീട്ടിലെത്തിയപ്പോഴാണു പെൺകുട്ടി നേരിട്ടിരുന്ന പീഡനം പുറത്തറിഞ്ഞത്. രേഖയുടെ മാതാവ് ചെന്നൈയിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്യുകയാണ്. 12–ാം ക്ലാസ് പൂർത്തിയാക്കിയ രേഖ ഏഴു മാസം മുൻപാണ് ചെന്നൈ തിരുവാൺമിയൂരിലുള്ള ആന്റോയുടെ വീട്ടിൽ ജോലിക്കായി എത്തിയത്.
അതിനിടെ, സംഭവത്തിൽ വിശദീകരണവുമായി മെർലിനയും രംഗത്തെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനഃപൂർവം കുടുംബത്തെ അവഹേളിക്കാൻ ശ്രമിക്കുകയാണെന്നും ജോലിക്കു നിന്ന സ്ത്രീയെ കുടുംബാംഗത്തെ പോലെയാണ് കണ്ടതെന്നും മെർലിനയുടേതായി പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ പറയുന്നു. എല്ലാവരും ഇപ്പോൾ ഞങ്ങളുടെ കുടുംബത്തെ ചീത്ത പറയുകയാണ്. മൂന്നു ദിവസമായി ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല, മകളെ പോലും കാണാൻ സാധിക്കുന്നില്ല. ആരാണ് ഇതിനു പിന്നിലെന്ന് അറിയില്ലെന്നും മെർലിന പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു