വര്‍ക്കല: ക്ഷേത്രക്കുളത്തിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീര്‍ഥ കുളത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഭാരതി( 22) ആണ് മരിച്ചത്. വിനോദയാത്രയുടെ ഭാഗമായി വര്ക്കലയിലെത്തിയതായിരുന്നു യുവാവ്.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ മറ്റ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ്, ഇതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ നിലവിളിച്ചതോടെ നാട്ടുകാരെത്തി തിരച്ചില്‍ നടത്തി. ശേഷം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്കൂബാ ടീമും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
വെളിച്ചക്കുറവ് മൂലം കഴിഞ്ഞദിവസം രാത്രി നിര്‍ത്തിവച്ച തെരച്ചില്‍ പുനരാരംഭിക്കാന്‍ രാവിലെ 6 മണിയോടെ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ കുളത്തില്‍ മൃതദേഹം കാണുകയായിരുന്നു. മൃതദേഹം വര്‍ക്കല ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തിരുനെല്‍വേലി അണ്ണാ യൂണിവേഴ്സിറ്റിയിലെ ബി ടെക് വിദ്യാര്‍ഥിയാണ് മരണപ്പെട്ട ഭാരതി. വിനോദയാത്രക്കായി കഴിഞ്ഞദിവസം രാവിലെ വര്‍ക്കലയിലെത്തിയ യുവാവും സംഘവും രാത്രിയോടെ മടങ്ങാന്‍ ഇരിക്കവെയാണ് അപകടമുണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു