ബെംഗളൂരു: ദലിത് യുവാക്കൾക്കു ഭക്ഷണം നൽകാൻ വിസമ്മതിച്ചതിന് ഹോട്ടൽ ഉടമയെയുൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. കുരുഗോഡുവിലെ ഗുട്ടേഗനുർ ഗ്രാമത്തിൽ ഹോട്ടൽ നടത്തുന്ന നാഗേവാണി, ഇയാളുടെ ബന്ധു വീരഭദ്രപ്പ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടൽ അടച്ചു പൂട്ടേണ്ടി വന്നാലും ദലിതർക്കു ഭക്ഷണം വിളമ്പാനാകില്ലെന്നും പറഞ്ഞ് ഇരുവരും ഒരു സംഘം യുവാക്കളെ ഹോട്ടലിൽ നിന്നും ഇറക്കി വിട്ടിരുന്നു.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ദലിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. വിവേചനത്തിനു ഇരയായ മഹേഷ് എന്ന യുവാവാണ് പൊലീസിൽ പരാതി നൽകിയത്.
ഹോട്ടലിൽ എത്തുന്ന ദലിതരെ ഇവർ ബലം പ്രയോഗിച്ചു ഇറക്കി വിട്ടിരുന്നതായും ഇതിനു ശേഷം ഹോട്ടലും പരിസരവും വൃത്തിയാക്കിയിരുന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തഹസിൽദാർ രാഘവേന്ദ്രയുടെ നേതൃത്വത്തിൽ ഗ്രാമത്തിൽ സമാധാന യോഗം വിളിച്ചു.
ജാതിവിവേചനം നടത്തിയതായി ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നു കട ഉടമകൾക്കു ഉൾപ്പെടെ നിർദേശം നൽകിയതായി തഹസിൽദാർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു