മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ സ്വര്‍ണവേട്ട. ഇലക്ട്രിക് ഉണ്ണിയപ്പ ചട്ടിക്ക് ഉള്ളിലും ജീന്‍സിനുള്ളിലും ഈന്തപ്പഴക്കുരുവിന് ഉള്ളിലും സുഗന്ധ ദ്രവ്യരൂപത്തിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം ആണ് കസ്റ്റംസ് പിടികൂടിയത്. ഇലക്ട്രിക് ഉണ്ണിയപ്പ ചട്ടിക്ക് ഉള്ളില്‍ വടയുടെ ആകൃതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ദുബൈയില്‍ നിന്ന് വന്ന കോഴിക്കോട് പെരുവയല്‍ സ്വദേശിനി ബീന മുഹമ്മദ് ആസാദ് ആണ് പിടിയിലായത്. 95 ലക്ഷം രൂപ മൂല്യം വരുന്ന 1500 ഗ്രാം സ്വര്‍ണമാണ് ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്.
മസ്കറ്റില്‍ നിന്നും വന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി ഷറഫുദ്ദീന് ജീന്‍സിലും ഈന്തപ്പഴക്കുരുവിന്റെ ഉള്ളിലും സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതാണ് രണ്ടാമത്തെ സംഭവം.1192 ഗ്രാം മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണം ആണ് ഇയാള്‍ ജീന്സിനുള്ളില് ഒളിപ്പിച്ചത്. മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണം വേര്‍തിരിച്ചു എടുത്തപ്പോള്‍ 402 ഗ്രാം 24 കാരറ്റ് സ്വര്‍ണം ആണ് ലഭിച്ചത്. 25 ലക്ഷം രൂപയോളം മൂല്യം ആണ് വിപണിയില്‍ ഇതിന് കണക്കാക്കുന്നത്.
ഇതിന് പുറമെ, ചോക്ലേറ്റ് മിഠായി കവറില്‍ പൊതിഞ്ഞ ഈന്തപ്പഴ കുരുവിന് ഇടയിലും സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചിരുന്നു. 20 കഷണങ്ങളായി 141 ഗ്രാം സ്വര്‍ണം ആണ് ഇയാള്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചത്. ഇതിന്റെ മൂല്യം 9 ലക്ഷം രൂപയോളം വരും.
സുഗന്ധ ദ്രവ്യ കുപ്പിയില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതാണ് മൂന്നാമത്തെ സംഭവം. ദുബൈയില്‍ നിന്ന് വന്ന കുമ്പള സ്വദേശി അബ്ദുള്‍ ലത്തീഫ് ആണ് കസ്റ്റംസിന്റെ പിടിയില്‍ ആയത്. പരിശോധനയ്ക്കിടെയാണ് ഇയാളുടെ ബാഗേജില്‍ ഉണ്ടായിരുന്ന ആറു സുഗന്ധദ്രവ്യ കുപ്പികള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് തുറന്ന് ഉള്ളിലെ ദ്രാവകം രാസപരിശോധന നടത്തി. സ്വര്‍ണം ലയിപ്പിച്ച രാസലായനിയാണ് ഇതെന്ന് കണ്ടത്തി. 83 ഗ്രാം സ്വര്‍ണം ആണ് വേര് തിരിച്ചെടുത്തത്. ഈ സ്വര്‍ണത്തിന്റെ മൂല്യം 5.5 ലക്ഷം രൂപയോളം വരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു