ലണ്ടൻ: തെലങ്കാന മുഖ്യമന്ത്രി ശ്രീ.രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുത്ത ‘ഹലോ ലണ്ടൻ’ പരിപാടിയിൽ ആവേശ തിരയിളക്കം.മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ശ്രീ. രേവന്ത് റെഡ്ഡി വിദേശ വേദിയിൽ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ആദ്യ പൊതു പരിപാടിയിലേക്ക് യു കെയുടെ നാനാ ഭാഗത്തു നിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
ശ്രീ. രേവന്ത് റെഡ്ഡി വേദിയിൽ എത്തുന്നതിനു വളരെ മുൻപു തന്നെ പരിപാടി സംഘടിപ്പിക്കപ്പെട്ട ഹോൻസ്ലോവിലെ ‘ഹെസ്റ്റൺ ഹൈഡ് ഹോട്ടലി’ന്റെ പ്രധാന കാവടവും ഹാളും നിറഞ്ഞു കവിഞ്ഞിരുന്നു. ത്രസിപ്പിക്കുന്ന പിന്നണിയുടെ അകമ്പടിയിൽ ശ്രീ. രേവന്ത് വേദിയിലേക്ക് കടന്നു വരുമ്പോൾ, അത്യുച്ചത്തിലുള്ള കരഘോഷങ്ങളും കൊടി തോരണങ്ങളും കോൺഗ്രസ് പാർട്ടിക്കും രേവന്ത് റെഡ്ഡിക്കും അഭിവാദ്യമർപ്പിച്ചുള്ള മുദ്രാവാക്യം വിളികളുമായി സദസ്സ് അക്ഷരർദ്ധത്തിൽ ആവേശത്തിന്റെ പരകോടിയിൽ എത്തിയിരുന്നു.
യു കെയിലെ തെലങ്കാന ഡയസ്പോറ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയാണ് ‘ഹലോ ലണ്ടൻ’ സംഘടിപ്പിച്ചത്. ഐഓസി നാഷണൽ സെക്രട്ടറി ശ്രീ. ഗംബ വേണുഗോപാൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഐഓസി നാഷണൽ പ്രസിഡന്റ് ശ്രീ. കമൽ ദലിവാൽ, ഐഓസി വക്താവ് സുധാകരർ ഗൗഡ്, വിവിധ തെലങ്കാന പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
തിങ്ങി നിറഞ്ഞ സദസ്സിന് നന്ദി പറഞ്ഞുകൊണ്ട് വേദിയെ കയ്യിലെടുത്ത രേവന്ത് റെഡ്ഡിയുടെ ഓരോ വാക്കുകളും നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. കഴിഞ്ഞ പത്തു വർഷക്കാലം ചന്ദ്രശേഖര റാവുവിന്റെ ജനദ്രോഹ ഭരണത്തിന് ജനങ്ങൾ ബാലറ്റിലൂടെ കൊടുത്ത ചുട്ട മറുപടിയാണ് ബിആർഎസിന്റെ അടിവേരറുത്തു കൊണ്ട് തെലങ്കാനയിൽ കോൺഗ്രസ് നേടിയ ഉജ്ജ്വലവും ഐതിഹാസികവുമായ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
ലോകസഭ തിരഞ്ഞെടുപ്പ് ബിആർഎസിന്റെ ശവപ്പറമ്പ് ആകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയുടെ ക്രിയാത്മകമായ വികസനത്തിന് കോൺഗ്രസ് പാർട്ടി അവതരിപ്പിച്ച ആറ് വാഗ്ദാനങ്ങൾ വിശദീകരിക്കുകയും, സംസ്ഥാനത്തെ പൂർണ തോതിൽ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു. വർഗീയ ശക്തികൾ ശിഥിലമാക്കിയ ഭാരതത്തെ കൂട്ടിച്ചേർത്തുകൊണ്ട്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ‘ഭാരത് ജോടോ യാത്ര’യിൽ അണിചേർന്നതിന്റെ സ്മരണകൾ ഓർത്തെടുത്ത രേവന്ത്, യാത്രയുടെ രണ്ടാം ഘട്ടമായ ‘ഭാരത് ജോടോ ന്യായ് യാത്ര’യിൽ എല്ലാ ഭാരതീയരും അണിചേർന്നു കൊണ്ട് 2024 ലോക് സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ എത്തിക്കേണ്ടതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തുവാനും ആഹ്വനം ചെയ്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആവേശത്തോടെ പങ്കെടുത്ത സമ്മേളനത്തിൽ, കേരള സമൂഹത്തിന്റെ പങ്കാളിത്തം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഐഓസി കേരള ചാപ്റ്റർ പ്രസിഡന്റ് ശ്രീ. സുജു ഡാനിയേൽ, വക്താവ് ശ്രീ. അജിത് മുതയിൽ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ അസൂത്രണ ഘട്ടം മുതൽ യാതൊരു പഴുതുകൾക്കും ഇടനൽകാത്ത വിധം രജിസ്ട്രേഷൻ, മറ്റു ക്രമീകരണങ്ങൾ എന്നിവ ഒരുക്കുന്നതിൽ കേരള സമൂഹം നൽകിയ വലിയ പങ്ക് സംഘാടകർ എടുത്തു പറഞ്ഞു.
ഐഓസി മീഡിയ കോർഡിനേറ്റർ ശ്രീ. റോമി കുര്യാക്കോസ്, സീനിയർ ലീഡർ ശ്രീ. ബോബിൻ ഫിലിപ്പ്, ശ്രീ. ആഷിർ റഹ്മാൻ, ശ്രീ. എഫ്രേം സാം, ശ്രീ. ബിബിൻ ബോബച്ചൻ, ശ്രീ. അജി ജോർജ്, ശ്രീ. ജോർജ് മാത്യു, ശ്രീ. പ്രവീൺ കുര്യൻ ജോർജ് എന്നിവരും കേരള സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് സമ്മേളനത്തിൽ പങ്കെടുത്തു.
പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു എങ്കിലും, കേരള സമൂഹത്തിന് പ്രത്യേകമായ പരിഗണന നൽകികൊണ്ട് മുൻ നിരകളിൽ സംഘാടകർ ഇരിപ്പിടം ഒരുക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക