പാലക്കാട്: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വാങ്ങാൻ കോടതി ഉത്തരവുമായി എത്തിയ ആളോട് അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം വാങ്ങുന്നതിനിടെ പാലക്കാട് ഭൂരേഖ തഹൽസിദാരെ വിജിലൻസ് പിടികൂടി. വടവന്നൂർ ഊട്ടറ വി. സുധാകരനെയാണ് (53) പാലക്കാട് വിജിലൻസ് യൂണിറ്റ് അറസ്റ്റു ചെയ്തത്. കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരൻ ഒരേക്കർ പുരയിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി 2023 അവസാനത്തോടെയാണ് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പുമായി താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയത്. തുടർന്ന് പലപ്രാവശ്യം സുധാകരനെ സർട്ടിഫിക്കറ്റിനായി സമീപിച്ചു. അപ്പോഴൊക്കെ പെട്ടെന്നൊന്നും തരാൻ പറ്റില്ലെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും പറഞ്ഞ് മടക്കിയയച്ചു. വലിയൊരു പദ്ധതിക്കുവേണ്ടിയായതിനാൽ ചെലവ് ചെയ്യേണ്ടിവരുമെന്നും തഹസിൽദാർ പരാതിക്കാരനോട് പറഞ്ഞതായി വിജിലൻസ് അധികൃതർ പറഞ്ഞു.
ശനിയാഴ്ച രാവിലെ പരാതിക്കാരൻ ഫോണിൽ തഹസിൽദാരെ വിളിച്ചപ്പോൾ 50,000 രൂപയുമായി വൈകീട്ട് ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി.എം. ദേവദാസിനെ അറിയിച്ചു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഓഫീസിൽ വെച്ച് തഹസിൽദാരെ കൈയോടെ പിടികൂടുകയായിരുന്നു. പ്രത്യേകമായി തയ്യാറാക്കിയ നോട്ടുകളാണ് തഹസിൽദാർക്ക് കൈമാറാനായി വിജിലൻസ് നൽകിയത്. സുധാകരനെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു.
ഭൂരേഖ തഹസിൽദാരെക്കുറിച്ച് മുമ്പും നിരവധി പരാതികളുയർന്നിരുന്നതായും വ്യക്തമായ തെളിവുകളടക്കമുള്ള പരാതിക്കായി കാത്തിരിക്കുകയായിരുന്നെന്നും വിജിലൻസ് അധികൃതർ പറഞ്ഞു. താലൂക്ക് ഓഫീസിൽ വിജിലൻസ് സംഘം വിശദമായ തെളിവെടുപ്പും നടത്തി.
വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്.പി.യെക്കൂടാതെ ഇൻസ്പെക്ടർമാരായ അരുൺ പ്രസാദ്, സിജു കെ. നായർ, ജയേഷ് ബാലൻ, സബ് ഇൻസ്പെക്ടർമാരായ സുരേന്ദ്രൻ, ഓഫീസർമാരായ ഉവൈസ്, സന്തോഷ്, മനോജ്, വിനേഷ്, ബാലകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ സിന്ധു എന്നിവരും ഉണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു