ബെയ്ജിങ്: മധ്യചൈനയിലെ ബോർഡിങ് സ്കൂൾ ഡോർമിറ്ററിലുണ്ടായ തീപിടിത്തത്തിൽ 13 കുട്ടികൾക്ക് ദാരുണാന്ത്യം. ഒൻപതും പത്തും വയസ്സും പ്രായമുള്ള കുട്ടികളാണ് വെന്തുമരിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഹെനാൽ പ്രവശ്യയിലെ യാൻഷാൻപു ഗ്രാമത്തിലെ യിംഗ്കായ് സ്കൂളിലാണ് വെള്ളിയാഴ്ച രാത്രി 11 മണിക്ക് തീപിടിത്തമുണ്ടായത്.
മരിച്ചവരെല്ലാം ഒൻപതും പത്തും വയസ്സുള്ള ഒരേ മൂന്നാം ക്ലാസിലെ കുട്ടികളാണെന്ന് സ്കൂളിലെ ഒരു അധ്യാപകൻ അറിയിച്ചു. തീപിടിത്തമുണ്ടാകുമ്പോൾ സ്കൂൾ ഡോർമിറ്ററിയിൽ മുപ്പതോളം വിദ്യാർഥികളുണ്ടായിരുന്നു. ആഴ്ച അവസാനമായതിനാൽ ഭൂരിഭാഗം കുട്ടികളുടെ വീട്ടിലേക്ക് പോയിരുന്നു.
Read also: സിറിയയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് ഇറാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
സ്കൂളിലെ സ്കൂൾ ഡോർമിറ്ററിയിൽ തീപിടിത്തമുണ്ടായ വിവരം ലഭിച്ചതോടെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി. 11.30 ഓടെ തീയണച്ചെങ്കിലും 13 കുട്ടികൾക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളുമായി ബന്ധമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തതായും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. തീപിടിത്തത്തിൽ സ്കൂളിന്റെ ഡോർമിറ്ററി കെട്ടിടത്തിന്റെ ചില ജനാലകൾ തകർന്നു. നഴ്സ്, പ്രൈമറി ക്ലാസ് കുട്ടികൾക്കായുള്ള സ്കൂളാണ് യിങ് കായ് എലമെൻ്ററി സ്കൂൾ.
മരിച്ചവരെക്കുറിച്ചോ തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിട്ടിട്ടില്ല. പത്തുവർഷമായി ഹെനാൽ പ്രവശ്യയിൽ പ്രവർത്തിക്കുന്ന സ്കൂളിലാണ് അപകടമുണ്ടായത്.
സുരക്ഷാ നിർദേശങ്ങളിലെ വീഴ്ചകൾ മൂലം തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ചൈനയിൽ സാധാരണമാണ്. നവംബറിൽ വടക്കൻ ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ കൽക്കരി കമ്പനി ഓഫീസിലുണ്ടായ തീപിടിത്തത്തിൽ 26 പേർ മരിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജൂലൈയിൽ ചൈനയുടെ വടക്കുകിഴക്കൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു സ്കൂളിൻ്റെ ജിമ്മിന്റെ മേൽക്കൂര തകർന്ന് 11 പേർ മരിച്ചിരുന്നു. ഒരു മാസംമുൻപ് വടക്കുപടിഞ്ഞാറൻ ചൈനയിലെ ഒരു റസ്റ്റോറന്റിലുണ്ടായ പൊട്ടിത്തെറിയിൽ 31 പേർ മരിച്ചിരുന്നു. ഏപ്രിലിൽ ബീജിങ്ങിലെ ഒരു ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 29 പേർക്കാണ് ജീവൻ നഷ്ടമായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു