2014 ൽ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് മുതൽ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. നാളിതുവരെയായി ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ലെങ്കിലും ടീമിന്റെ ആരാധക ബലത്തെ അതൊട്ടും ബാധിച്ചിട്ടില്ല. അതിന് തെളിവാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരങ്ങളിൽ പോലും തിങ്ങിനിറയുന്ന ഗ്യാലറികളും, ടീമിന്റെ മത്സരത്തിന് ലഭിക്കുന്ന വ്യൂവർഷിപ്പുമെല്ലാം.
ഇപ്പോളിതാ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ പവർ അവരെ ഒരു അഭിമാന നേട്ടത്തിൽ എത്തിച്ചിരിക്കുന്നു. കഴിഞ്ഞ മാസം ഏഷ്യയിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഇന്ററാക്ഷൻ നടന്ന സ്പോർട്സ് ടീമുകളിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഡിപോർടസ് ആൻഡ് ഫിനാൻസസ് പുറത്ത് വിടുന്ന റിപ്പോർട്ട് പ്രകാരം ഈ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് കേരളത്തിന്റെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്സിന്. മുന്നിലുള്ള ടീമുകളിൽ ഒരു ഫുട്ബോൾ ടീം മാത്രമേ ഉള്ളൂ എന്നതാണ് ശ്രദ്ധേയം. അതായത് 2023 ഡിസംബറിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഇന്ററാക്ഷൻ നടന്ന ഏഷ്യൻ ഫുട്ബോൾ ടീമുകളിൽ രണ്ടാം സ്ഥാനമാണ് കേരള ബ്ലാസ്റ്റേഴ്സ്. മഞ്ഞപ്പട ആരാധകരുടെ കരുത്താണ് ഇതിലൂടെ വ്യകതമായിരിക്കുന്നത്.
Read also: പാക് ക്രിക്കറ്റർ ഷോയിബ് മാലിക് വിവാഹിതനായി
ഡിസംബറിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ 26.3 മില്ല്യൺ (2.6 കോടി) നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ള ഫുട്ബോൾ ടീം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ എഫ്സിയാണ്. സൗദി പ്രോ ലീഗിൽ കളിക്കുന്ന ഈ ടീമിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പോയ മാസം 91 മില്ല്യൺ (9.1 കോടി) ഇടപെടലുകൾ നടന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം തന്നെയാണ് ഇവരെ ഈ ലിസ്റ്റിൽ ഒന്നാമതെത്തിച്ചത് എന്നത് ഉറപ്പ്.
അതേ സമയം ഏഷ്യയിലെ ഇൻസ്റ്റഗ്രാം ഇന്ററാക്ഷന്റെ കണക്ക് പരിശോധിക്കുകയാണെങ്കിൽ കഴിഞ്ഞ മാസം ഒന്നാം സ്ഥാനത്തുള്ള സ്പോർട്സ് ടീം ഇന്ത്യയിൽ നിന്നാണ്. ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്ലി കളിക്കുന്ന, ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് അത്. 92.8 മില്ല്യൺ ഇന്ററാക്ഷനാണ് 2023 ഡിസംബർ മാസത്തിൽ ആർസിബിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നടന്നത്.
ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. മഹേന്ദ്ര സിങ് ധോണിയുടെ ടീമിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പോയ മാസം 67.6 മില്ല്യൺ ഇന്ററാക്ഷൻ നടന്നെന്നാണ് കണക്ക്. ലിസ്റ്റിൽ നാലാമതുള്ളതും ഒരു ഐപിഎൽ ടീമാണ്, മുംബൈ ഇന്ത്യൻസ്. 45.2 മില്ല്യൺ ഇന്ററാക്ഷൻ മുംബൈയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കഴിഞ്ഞ മാസം നടന്നു.
അതേ സമയം കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ച മാസമായിരുന്നു 2023 ഡിസംബർ. ഇന്ത്യൻ സൂപ്പർ ലീഗിൽ മിന്നും ഫോമിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സ്, ഐ എസ് എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നതും ആരാധകർ കണ്ടു. ഇത് ക്ലബ്ബിന്റെ ഇൻസ്റ്റഗ്രാം ഇന്ററാക്ഷനിലും വർധനവ് വരാൻ കാരണമായി കരുതപ്പെടുന്നു. ഐ എസ് എൽ ഒരു മാസ ഇടവേളയ്ക്ക് പിരിയുമ്പോൾ പോയിന്റ് പട്ടികയിൽ മുന്നിൽത്തന്നെയുണ്ട് മഞ്ഞപ്പട. കളിച്ച 12 മത്സരങ്ങളിൽ 26 പോയിന്റുകളാണ് ഈ ടീമിന്റെ സമ്പാദ്യം. തങ്ങളുടെ ആദ്യ കിരീടമാണ് ഇക്കുറി കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. ഇപ്പോളത്തെ ഫോമിൽ മുന്നോട്ടു പോയാൽ ടീമിന് അതിലേക്കെത്താനാകുമെന്നാണ് ആരാധക പ്രതീക്ഷ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു