പാക് ക്രിക്കറ്റർ ഷോയിബ് മാലിക് വിവാഹിതനായി

പാകിസ്താൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ഷോയിബ് മാലിക്  വിവാഹിതനായി. പ്രശസ്ത പാക് സിനിമാതാരം സന ജാവേദാണ് വധു. ഇന്ത്യൻ ടെന്നീസ് താരമായ സാനിയ മിർസയുമായി മാലിക് വേർപിരിയുകയാണ് എന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് സന ജാവേദുമായുള്ള തന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ മാലിക് തന്നെ സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വിട്ടത്.

 


പാകിസ്താനിലെ പ്രമുഖ അഭിനേത്രിയായ സന ജാവേദുമായി മാലിക് ഡേറ്റിങ്ങിലാണെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹമുണ്ടായിരുന്നു. സനയുടെ കഴിഞ്ഞ ജന്മദിനത്തിൽ ഇരുവരും ചേർന്നുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് മാലിക്ക് ആശംസ അറിയിച്ചതോടെ ഈ അഭ്യൂഹങ്ങൾക്ക് ശക്തി വർധിക്കുകയും ചെയ്തിരുന്നു.

Read also: വനിത ഹോക്കി ടീമിന് ഒളിമ്പിക് യോഗ്യതയില്ല

 

 അതേ സമയം 2010 ലായിരുന്നു ഷോയിബ് മാലിക് – സാനിയ മിർസ വിവാഹം നടക്കുന്നത്. രാഷ്ട്രീയപരമായി ഭിന്നതയിലുള്ള രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ശ്രദ്ധേയ കായിക താരങ്ങളായിരുന്നതിനാൽ ഇരുവരുടെയും വിവാഹവും പ്രണയവും ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാധ്യമങ്ങളും ഈ വിവാഹം ആഘോഷമാക്കി.

 വിവാഹത്തിന് ശേഷം ഇരുവരുടെയും ദേശ സ്നേഹം വരെ ചോദ്യം ചെയ്യപ്പെട്ടിരുന്നുവെങ്കിലും പരസ്പരം പിന്തുണ നൽകി ഇരുവരും പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ടു. വിവാഹത്തിന് ശേഷം ഇരുവരും മികച്ച രീതിയിൽ തങ്ങളുടെ കരിയർ മുന്നോട്ട് കൊണ്ടു പോയി. 2018 ൽ ഷോയിബ് മാലിക്-സാനിയ മിർസ ദമ്പതിമാർക്ക് ആൺകുട്ടി ജനിച്ചു. ഇസാൻ മിർസ മാലിക് എന്നാണ് ആദ്യ കുട്ടിക്ക് അവർ പേരു നൽകിയത്.

 

 ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാണെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും അതിലൊന്നും സത്യമില്ലെന്ന് വ്യക്തമാക്കി താരങ്ങൾ തന്നെ രംഗത്തെത്തി‌. കഴിഞ്ഞ വർഷം ദുബായിൽ വെച്ച് മാലിക്കും സാനിയയും ചേർന്ന് മകന്റെ ജന്മദിനം ആഘോഷിക്കുക കൂടി ചെയ്തതോടെ ഇരുവരും തമ്മിൽ മികച്ച ബന്ധത്തിലാണെന്ന് ആരാധകർ ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം തുടക്കം വീണ്ടും ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീണെന്ന തരത്തിൽ വാർത്തകളെത്തി. അതിന് പിന്നാലെ ഇപ്പോൾ ഷോയിബ് മാലിക്കിന്റെ വിവാഹത്തിന്റെ വാർത്തയും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു