ബ്ലോംഫോണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക): നിലവിലെ ജേതാക്കളായ ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ആദ്യ അങ്കം. ഉദയ് സഹറാൻ നയിക്കുന്ന ഇന്ത്യക്ക് എ ഗ്രൂപ്പിൽ ബംഗ്ലാദേശാണ് എതിരാളികൾ. അഞ്ചു വട്ടം ജേതാക്കളായതിന്റെ പകിട്ടിലാണ് ഇന്ത്യയുടെ വരവ്. 2002ൽ മുഹമ്മദ് കൈഫിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ കിരീടം. 2008ലും 12ലും 18ലും 2022ലും ഇന്ത്യതന്നെയായിരുന്നു ജേതാക്കൾ. നാലു ടീമുകൾ നാലു ഗ്രൂപ്പുകളിലായിട്ടാണ് പ്രാഥമിക മത്സരം.
ക്യാപ്റ്റനു പുറമേ, ഓൾറൗണ്ടർ അർഷിൻ കുൽകർണി, വിക്കറ്റ് കീപ്പർ ബാറ്റർ ആരവല്ലി അവനീഷ്, ഇടങ്കയ്യൻ സ്പിന്നറും വൈസ് ക്യാപ്റ്റനുമായ കുമാർ പാണ്ഡെ എന്നിവരാണ് ടീമിലെ മികവുറ്റ താരങ്ങൾ. അർഷിനെ ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർജയന്റ്സും അവിനാഷിനെ ചെന്നൈ സൂപ്പർ കിങ്സും ലേലത്തിലെടുത്തിരുന്നു.
രാജസ്ഥാൻകാരനായ ക്യാപ്റ്റൻ സഹറാൻ കഴിഞ്ഞ നവംബർ മുതൽ പഞ്ചാബിനുവേണ്ടിയാണ് കളിക്കുന്നത്. മികച്ച ബാറ്ററാണ് ഈ പയ്യൻ. മുംബൈയുടെ മുഷീർ ഖാനാണ് ബാറ്റിങ്ങിലെ മറ്റൊരു പ്രതീക്ഷ. ബംഗ്ലാദേശിനെ മഹ്ഫുസുർ റഹ്മാൻ റാബിയാണ് നയിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു