എന്തിനും ഏതിനും ഫോൺ ഉപയോഗിക്കുന്നവരാണല്ലോ നമ്മൾ? രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ ഫോൺ നമ്മുടെ പക്കലുണ്ടാകും.
സ്‌മാർട്ട്‌ഫോണുകളുടെ ഈ യുഗത്തിൽ, ടോയ്‌ലറ്റിൽ വരെ മൊബൈൽഫോൺ ഉപയോഗിക്കുന്നവരായി മാറിയിരിക്കുകയാണ് നമ്മളിൽ പലരും. ഇതൊരു നിരുപദ്രവകരമായ ശീലമായി തോന്നുമെങ്കിലും, ബാത്ത്റൂമിൽ മൊബൈൽ ഫോണ്‍ ദീർഘനേരം ഉപയോഗിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ടോയ്‌ലറ്റിൽ ദീർഘനേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കഴുത്ത്, നടുവേദന തുടങ്ങിയ ‘മസ്കുലോസ്കെലെറ്റൽ’ പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നട്ടെല്ലിനും ചുറ്റുമുള്ള പേശികൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് കാലക്രമേണ വിട്ടുമാറാത്ത പ്രശ്നങ്ങളിലേയ്ക്കും നയിച്ചേക്കാം.
അതുപോലെ, ടോയ്‌ലറ്റിൽ ദീർഘനേരം ഇരുന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഹെമറോയ്ഡുകൾ ഉണ്ടാകാനും കാരണമാകും. ഇത്തരത്തില്‍ കൂടുതൽ നേരം ഇരിക്കുന്നത് രക്തചംക്രമണം തടസ്സപ്പെടുത്തുകയും ചെയ്യും, പ്രത്യേകിച്ച് കാലുകളിൽ. ഇത് ഡീപ് വെയിൻ ത്രോംബോസിസ് (ഡിവിടി) പോലുള്ള അവസ്ഥകളുടെ വികാസത്തിന് കാരണമായേക്കാം.
കൂടാതെ നൂറുകണക്കിനു സൂക്ഷ്മ ജീവികൾ, ബാക്ടീരിയകൾ, അണുക്കൾ തുടങ്ങിയവ ബാത്ത്‌റൂമുകളില്‍ ഉണ്ടാകും. ടോയ്‌ലറ്റിൽ ദീർഘനേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വഴി കൈകളിൽ നിന്ന് ഉപകരണത്തിലേക്ക് ബാക്ടീരിയ കൈമാറ്റം ചെയ്യാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് പല അണുബാധയ്ക്കുമുള്ള അന്തരീക്ഷം സൃഷ്ടിക്കും.
അതിനാല്‍ മൊബൈൽ ഫോണുകൾ പതിവായി അണുവിമുക്തമാക്കുകയും ശരിയായ കൈ ശുചിത്വം പരിശീലിക്കുകയും ചെയ്യുന്നത് ഈ അപകടസാധ്യതയെ ലഘൂകരിക്കാൻ സഹായിക്കും. മൊബൈൽ ഫോൺ സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം കണ്ണിന് ആയാസമുണ്ടാക്കുകയും കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. കൂടാതെ ഇത് ഉറക്കക്കുറവിന് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.