സർക്കാർ ഭൂമി കൈയേറിയവർക്ക് പട്ടയം നൽകരുത്; രേഖകളില്ലാത്തവർ കൈയ്യേറ്റകാർ; ഹൈക്കോടതി

കൊച്ചി: സർക്കാർ ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക്  ഭൂപതിവ് ചട്ടത്തിൽ 1971-ൽ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിൽ പട്ടയം അനുവദിക്കുന്നത് ഹൈക്കോടതി തടഞ്ഞു. 1964-ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ ചട്ടം അഞ്ച്, ഏഴ് എന്നിവയുടെ നിയമസാധുത ചീഫ് സെക്രട്ടറി വിശദീകരിക്കണം എന്നും കോടതി നിർദേശിച്ചു.

സർക്കാർ ഭൂമി കൈയേറി കൈവശം വെച്ചിരിക്കുന്നവർക്ക് പട്ടയം നൽകാൻ അനുവദിക്കുന്നതാണ് ഈ വകുപ്പുകൾ എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 1964-ലെ ഭൂപതിവ് ചട്ടം പൊതുതാത്‌പര്യത്തിനോ പൊതുലക്ഷ്യത്തിനോ വിരുദ്ധമായി ഭൂമി പതിച്ചുനൽകാൻ അനുവദിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഇടുക്കി കളക്ടർക്കും ബന്ധപ്പെട്ട അധികാരികൾക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ, ഫലത്തിൽ ഉത്തരവ് താത്‌കാലികമായെങ്കിലും സംസ്ഥാനത്തെ പട്ടയവിതരണത്തെ ആകെ ബാധിച്ചേക്കും. കേരള ഭൂപതിവ് നിയമപ്രകാരം പട്ടയത്തിന് അപേക്ഷിക്കുന്നവരുടെ കാര്യത്തിലാണ് ഉത്തരവ് ബാധകമാകുന്നതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കിയിലെ കൈയേറ്റങ്ങൾക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്നവർ പട്ടയം നൽകണമെന്നാവശ്യപ്പെട്ട് വരുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പട്ടയം ലഭിക്കുന്നതിനുള്ള ഒരു അവകാശവും ഇല്ലാത്തവരാണവർ. 1964-ലെ ഭൂപതിവ് ചട്ടം നാല് പ്രകാരം കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഭൂമി പതിച്ചു നൽകാൻ കഴിയുന്നത്. എന്നാൽ, ചട്ടം അഞ്ച് പ്രകാരം കൈയേറിയ ഭൂമിയും എതിർപ്പ് ഉന്നയിച്ചിട്ടില്ലെങ്കിൽ പതിച്ചുനൽകാമെന്ന് വ്യക്തമാക്കുന്നു.

read also…..ഇലക്ട്രിക് ബസ് വിവാദം കത്തുന്നു

1964-ൽ ചട്ടം കൊണ്ടുവരുമ്പോൾ അന്നുവരെയുള്ള കൈയേറ്റത്തിന് പട്ടയം നൽകുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, പിന്നീട് ചട്ടം ഏഴിൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ 1971 ന് മുമ്പ്‌ സർക്കാർ ഭൂമി കൈയേറിയവർക്ക് പട്ടയത്തിനായി അപേക്ഷിക്കാൻ അനുമതി നൽകി. പ്രത്യക്ഷത്തിൽ 1964-നുശേഷം സർക്കാർ ഭൂമി കൈയേറിയവർക്കും ഭൂമി പതിച്ചുകിട്ടാൻ യോഗ്യരാക്കുന്നതായി ഈ മാറ്റം എന്ന് കോടതി വിലയിരുത്തി. ഭൂപതിവ് നിയമത്തിലെ ചട്ടം 11 പ്രകാരം തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട സ്ഥലം മാത്രമേ പതിച്ചുനൽകാൻ കഴിയൂ. നിയമത്തിന്റെ ലക്ഷ്യത്തെ തോൽപ്പിക്കുന്ന ചട്ടങ്ങൾ സർക്കാരിന് തയ്യാറാക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News