തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദം കത്തുന്നതിനിടെ ഇ-ബസ് സർവിസുകളുടെ ലാഭനഷ്ട കണക്കെടുക്കാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകി. സർവിസുകൾ നഷ്ടത്തിലാണെന്ന തന്റെ നിലപാടിനെതിരെ വ്യാപക എതിർപ്പുയരുന്നതിനിടെയാണ് കണക്കെടുപ്പിന് സി.എം.ഡിയെ ചുമതലപ്പെടുത്തിയത്.
കിഫ്ബി ഫണ്ടുപയോഗിച്ച് വാങ്ങിയതും കേന്ദ്രത്തിൽനിന്ന് സൗജന്യമായി ലഭിച്ചതടക്കം 110 ഓളം ഇ-ബസുകളാണ് ഇപ്പോൾ തലസ്ഥാന നഗരത്തിൽ ഓടുന്നത്. കൂടുതൽ ബസുകൾ വാങ്ങാനും മറ്റ് നഗരങ്ങളിലേക്ക് ഇ-ബസ് സർവിസുകൾ വ്യാപകമാക്കാനും കെ.എസ്.ആർ.ടി.സി സജീവമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഗണേഷിന്റെ ഇടങ്കോൽ.
കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. ഇ-സേവയില്‍ 950 ഇ-ബസുകള്‍കൂടി കിട്ടാനുണ്ട്. 10 നഗരങ്ങളിലേക്കാണ് ഈ ബസുകൾ ലഭിക്കുന്നത്. ലാഭകരമല്ലെന്ന നിലപാടാണെങ്കില്‍ അതും ഉപേക്ഷിക്കേണ്ടിവരും. പുതിയ ഇ-ബസുകള്‍ വാങ്ങില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചതോടെ തലസ്ഥാന നഗരത്തെ ഹരിത നഗരമാക്കുന്നതിനുള്ള മുൻമന്ത്രിയുടെ പ്രഖ്യാപനവും അനിശ്ചിതത്വത്തിലായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു