ദുബൈ: വെർച്വൽ പ്രൈവറ്റ് നെറ്റ്വർക് (വി.പി.എൻ) ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം രാജ്യത്ത് വി.പി.എൻ ആപ്പുകൾ 18 ലക്ഷം പേർ ഡൗൺലോഡ് ചെയ്തതായി അറ്റ്ലസ് വി.പി.എൻ പുറത്തുവിട്ട ഏറ്റവും പുതിയ ആഗോള വി.പി.എൻ ഉപയോഗ സൂചിക റിപ്പോർട്ടിലാണ് വ്യക്തമായത്. ഇതോടെ രാജ്യത്തെ ആകെ വി.പി.എൻ ഉപയോക്താക്കളുടെ എണ്ണം 61 ലക്ഷത്തിലെത്തി.
ലോകത്ത് വി.പി.എൻ ഉപയോഗ നിരക്കിൽ ഖത്തർ കഴിഞ്ഞാൽ കൂടുതൽ രേഖപ്പെടുത്തിയത് യു.എ.ഇയിലാണ്. 61 ശതമാനമാണ് രാജ്യത്ത് വി.പി.എൻ അഡോപ്ഷൻ നിരക്ക്. ഖത്തറിലിത് 69.87ശതമാനമാണ്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ വലിയ രീതിയിലാണ് വി.പി.എൻ ഉപയോഗം വർധിച്ചത്. 2020ൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് ഉപയോഗം വർധിച്ച സമയത്ത് വി.പി.എൻ ഡൗൺലോഡും വർധിച്ചിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ 2023ൽ ആണ് ഏറ്റവും കൂടുതൽ ഡൗൺലോഡുണ്ടായത്.
2020 മുതൽ 2023 വരെയുള്ള വി.പി.എൻ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ അറ്റ്ലസ് വി.പി.എൻ റിപ്പോർട്ടിൽ 86 രാജ്യങ്ങളെയാണ് വിലയിരുത്തിയത്. വി.പി.എൻ ഡൗൺലോഡുകൾ രാജ്യത്തെ ജനസംഖ്യ നിരക്കുമായി തട്ടിച്ചുനോക്കിയാണ് നിരക്ക് കണക്കാക്കിയത്. സെൻസർ ടവർ, ആപ്പ്ട്വീക്ക് സേവനങ്ങൾ ഉപയോഗിച്ച് ഗൂഗിൾ പ്ലേയിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ഡേറ്റ ശേഖരിച്ചാണ് കണക്കുകൂട്ടിയത്.
യു.എ.ഇയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ഉപയോക്താക്കൾ നിയന്ത്രിത ഉള്ളടക്കം ലഭിക്കുന്നതിന് വി.പി.എൻ ഡൗൺലോഡ് ചെയ്യുന്നുവെന്ന് ലോകത്തെ പ്രമുഖ ഡിജിറ്റൽ സുരക്ഷ സംവിധാനങ്ങളുടെ ദാതാക്കളായ നോർഡ് സെക്യൂരിറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വാട്സ്ആപ്, സ്കൈപ്, ഫെയ്സ്ടൈം, ഡിസ്കോർഡ്, ഐ.എം.ഒ, ഡേറ്റിങ് ആപ്പുകൾ എന്നിവയിലൂടെ ഓഡിയോ-വിഡിയോ കാളുകൾ ചെയ്യാൻ ഗൾഫ് രാജ്യക്കാർക്കിടയിൽ വി.പി.എൻ ഉപയോഗിക്കുന്നത് സാധാരണമാണെന്നും ഇവർ വ്യക്തമാക്കി.
സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് വി.പി.എൻ ഉപയോഗിക്കുന്നതിന് യു.എ.ഇയിൽ നിരോധനമില്ല. അതേസമയം, നിയമവിരുദ്ധ രീതിയിലോ കുറ്റകൃത്യങ്ങൾക്കോ വേണ്ടി ഉപയോഗിച്ചാൽ നിയമ നടപടി നേരിടേണ്ടിവരും. അതോടൊപ്പം യു.എ.ഇ സർക്കാർ തടഞ്ഞ വെബ്സൈറ്റുകൾ, കാളിങ് ആപ്ലിക്കേഷനുകൾ, ഗെയിമിങ് ആപ്ലിക്കേഷനുകൾ എന്നിവയിലേക്ക് ആക്സസ് ലഭിക്കുന്നതിന് ഐ.പി അഡ്രസ് മറച്ചുവെച്ച് വി.പി.എൻ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. രാജ്യത്തെ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരം, വി.പി.എൻ ദുരുപയോഗം ചെയ്യുന്നവർക്ക് തടവും അഞ്ചു ലക്ഷം ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു