ദുബൈ: ലോകത്തെ ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങളുള്ള ദുബൈ നഗരത്തിൽ, ഭാവി മുന്നിൽ കണ്ട് രണ്ട് അതിനൂതന ഗതാഗത സംവിധാനങ്ങൾ കൂടി വരുന്നു. ഫ്ലോക്ക് ഡ്യൂയോ റെയിൽ, സോളാർ റെയിൽ ബസ് എന്നിങ്ങനെ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) യു.എസ്, യു.കെ ആസ്ഥാനമായ കമ്പനികളുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. സോളാർ പാനൽ പതിച്ച പാലത്തിലൂടെ സൗരോർജം ഉപയോഗിച്ച് യാത്രക്കാരെ കൊണ്ടുപോകുന്ന യാത്രാസംവിധാനമാണ് സോളാർ റെയിൽബസ്. മുകളിലും താഴെയുമുള്ള ട്രാക്കിലൂടെ നഗരത്തിന് ചുറ്റും നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പോഡ് സംവിധാനാണ് ഫ്ലോക്ക് ഡ്യൂയോ ട്രാക്ക് റെയിൽ. ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിലാണ് അതിനൂതനമായ ഈ യാത്രാസംവിധാനങ്ങൾ വികസിപ്പിക്കാൻ ദുബൈ ആർ.ടി.എ ധാരണപത്രങ്ങൾ ഒപ്പിട്ടത്.
ഈ വാർത്തകൂടി വായിക്കൂ….സുരക്ഷാസേനയിൽ 165 വനിതകൾ പരിശീലനം പൂർത്തിയാക്കി
യു.കെയിലെ അർബൻ മാസ് കമ്പനിയാണ് ഫ്ലോക്ക് ഡ്യൂയോ റെയിൽ സംവിധാനം വികസിപ്പിക്കുക. അമേരിക്കൻ കമ്പനിയായ റെയിൽ ബസ് ഇൻകോർപറേഷനാണ് സോളാർ റെയിൽ ബസ് വികസിപ്പിക്കാനുള്ള ചുമതല. കാർബൺ വികിരണമില്ലാത്ത പൊതുഗതാഗത സംവിധാനങ്ങൾ കണ്ടെത്താനുള്ള ലക്ഷ്യമിട്ടാണ് നൂതന പദ്ധതിക്ക് രൂപം നൽകുന്നത്. ആർ.ടി.എ റെയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മുഹ്സിൻ കൽബാത്, യു.കെ ആസ്ഥാനമായ അർബൻ മാസ് കമ്പനി സി.ഇ.ഒ റിക്കി സന്ധു, യു.എസിലെ റെയിൽ ബസ് കമ്പനി ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ഡോ. ഹാതിം അൽ താഹിർ ഇബ്രാഹീം എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
നൂതന സംവിധാനങ്ങൾ കണ്ടെത്തുന്നതിന് ഗതാഗതമേഖലയിലെ പ്രമുഖ കമ്പനികളുമായും പ്രത്യേക സ്ഥാപനങ്ങളുമായും സഹകരിക്കുന്നതിനുള്ള ആർ.ടി.എയുടെ തന്ത്രപരമായ പദ്ധതികളുടെ ഭാഗമാണ് കരാറുകളെന്ന് അബ്ദുൽ മുഹ്സിൻ കൽബാത് പ്രതികരിച്ചു. വൈദ്യുതി ഉപയോഗിച്ച് ഡ്രൈവറില്ലാതെ സഞ്ചരിക്കുന്നതായിരിക്കും ഫ്ലോക്ക് ഡ്യൂയോ റെയിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു