യാംബു: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇന്റർനാഷനൽ കൗൺസിൽ സംഘടിപ്പിച്ച ‘മാസ്റ്റർമൈൻഡ് 23’ രാജ്യാന്തര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യാംബു ഇമാം ഗസ്സാലി മദ്രസ വിദ്യാർഥിയായ മുഹമ്മദ് ഫാദിലിനെ ഐ.സി.എഫ് യാംബു സെൻട്രൽ കമ്മിറ്റി അനുമോദിച്ചു.
ഐ.സി.എഫ് മീലാദ് കാമ്പിയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ ആറ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ധാരാളം പ്രതിഭകൾ മത്സരത്തിൽ മാറ്റുരച്ചിരുന്നു. സീനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിലാണ് ഫാദിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇമാം ഗസ്സാലി മദ്റസയിൽ നടന്ന അനുമോദന പരിപാടിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ തങ്ങൾ മുത്തനൂരും ചേർന്ന് ഫാദിലിന് ഫലകം നൽകി ആദരിച്ചു. ചടങ്ങിൽ ആഷിഖ് സഖാഫി പൊന്മള സ്വാഗതവും അലി കളിയാട്ടുമുക്ക് നന്ദിയും പറഞ്ഞു. ഐ.സി.എഫ് യാംബു സെൻട്രൽ വെൽഫെയർ സെക്രട്ടറി ഗഫൂർ ചെറുവണ്ണൂരിന്റെ മകനും യാംബു അൽ മനാർ ഇന്റർ നാഷനൽ സ്കൂൾ വിദ്യാർഥിയുമാണ് മുഹമ്മദ് ഫാദിൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു