ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ കുറ്റവാളികളായ 11 പേരും ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി. വിളവെടുപ്പ് കാലം, മകന്റെ വിവാഹം തുടങ്ങി പലകാരണങ്ങള്‍ നിരത്തി കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി അവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി. പ്രതികള്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ പരിഗണിച്ച് സമയം അനുവദിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജനുവരി 21-നകം തന്നെ 11 പേരും ജയില്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്നും വ്യക്തമാക്കി.
ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കുറ്റവാളികളെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രീംകോടതി ഇവരോട് രണ്ടാഴ്ചയ്ക്കകം കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കീഴടങ്ങാനുള്ള സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. കീഴടങ്ങാനുള്ള സമയം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രതികള്‍ സമയം നീട്ടി ചോദിച്ചുകൊണ്ട് കോടതിയെ സമീപിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു