ഗുവാഹത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പൊലീസ്. യാത്ര സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. അനുവദിച്ചിരിക്കുന്ന റൂട്ടിൽ നിന്ന് മാറി സഞ്ചരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രദേശത്ത് കലാപസമാനമായ സാഹചര്യമുണ്ടാത്തയെന്ന് പൊലീസ് പറയുന്നു. മുൻകൂട്ടി അറിയിക്കാതെ യാത്രാപഥം മാറ്റിയത് ഗതാഗതം താറുമാറാക്കിയെന്നും ബരിക്കേഡുകൾ മറികടന്ന് ജനങ്ങൾ പൊലീസിനെ മർദിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയെന്നും പൊലീസ് ആരോപിക്കുന്നു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഭീഷണിപ്പെടുത്തിയിരുന്നു. പ്രശനങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ് ഗുവാഹത്തിയെന്നും അതിനാൽ തന്നെ ബിജെപി പോലും അവിടെ പരിപാടി സംഘടിപ്പിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.