ഏറെക്കാലത്തിന് ശേഷം ക്രിക്കറ്റ് ബാറ്റുമായി കളിക്കളത്തിലിറങ്ങി തകർപ്പൻ പ്രകടനം നടത്തി ഇന്ത്യയുടെ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ. ശ്രീ മധുസൂദൻ സായ് ഗ്ലോബൽ മിഷൻ സംഘടിപ്പിച്ച ചാരിറ്റി ക്രിക്കറ്റ് മത്സരത്തിലാണ് ക്രിക്കറ്റിലെ പഴയ സൂപ്പർതാരങ്ങൾ വീണ്ടും ഇറങ്ങിയത്. മത്സരത്തിൽ സച്ചിൻ നയിച്ച വൺ വേൾഡ് ടീം യുവരാജ് സിങ് നയിച്ച വൺ ഫാമിലി ടീമിനെ പരാജയപ്പെടുത്തി.
ബെംഗളൂരുവിലെ സത്യസായി ഗ്രാമത്തിലെ സായ് കൃഷ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ടി20 മത്സരത്തിൽ 4 വിക്കറ്റിനാണ് സച്ചിൻെറ ടീം വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത വൺ ഫാമിലി ടീം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. 41 പന്തിൽ നിന്ന് 51 റൺസ് നേടിയ ഓപ്പണർ ഡാരൻ മാഡിയാണ് ടീമിൻെറ ടോപ് സ്കോറർ ആയത്.
മറുപടി ബാറ്റിങ്ങിൽ വൺ വേൾഡിന് വേണ്ടിയിരുന്നത് മികച്ച തുടക്കമാണ്. സച്ചിൻ ടെണ്ടുൽക്കർ മനോഹരമായ ബാറ്റിങ്ങിലൂടെ ടീമിന് അത് സമ്മാനിക്കുകയും ചെയ്തു. വെറും 16 പന്തുകളിൽ നിന്ന് 27 റൺസാണ് താരം നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്സറും പറത്തിയായിരുന്നു സച്ചിൻെറ ഇന്നിങ്സ്.
Read also: രഞ്ജി ട്രോഫി; കേരളം ഇന്ന് മുംബൈക്കെതിരെ ഇറങ്ങും
പഴയ എതിരാളിയായ ലങ്കയുടെ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് സച്ചിൻെറ വിക്കറ്റ് വീഴ്ത്തിയത്. പഴയ പോരാട്ടങ്ങൾ ക്രിക്കറ്റ് ആരാധകരുടെ മനസ്സിലേക്ക് വന്ന നിമിഷമായിരുന്നു അത്. മുരളിയുടെ പന്തിൽ മുഹമ്മദ് കൈഫിന് ക്യാച്ച് നൽകിയാണ് സച്ചിൻ പുറത്തായത്.
മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ അൽവിറോ പീറ്റേഴ്സൻെറ ഇന്നിങ്സാണ് സച്ചിനും ടീമിനും വിജയം സമ്മാനിച്ചത്. 50 പന്തുകളിൽ നിന്ന് താരം 74 റൺസാണ് നേടിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സറും അടങ്ങിയതായിരുന്നു താരത്തിൻെറ ഇന്നിങ്സ്. 19.5 ഓവറിലാണ് ടീം വിജയം ഉറപ്പാക്കിയത്. യൂസഫ് പഠാൻെറ പന്തിൽ നേടിയ ഒരു സിക്സറടക്കം 5 പന്തിൽ 12 റൺസുമായി ഇർഫാൻ പഠാനും പുറത്താവാതെ നിന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു