തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഡി.വൈ.എഫ്.ഐ സംസ്ഥാനത്ത് മനുഷ്യച്ചങ്ങല തീർക്കും. കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽനിന്ന് തിരുവനന്തപുരം രാജ്ഭവൻ വരെയാണ് ചങ്ങല. ശനിയാഴ്ച നാലുമുതൽ ഒരുക്കം ആരംഭിക്കും. 4.30ന് ട്രയൽ നടക്കും. അഞ്ചിന് മനുഷ്യച്ചങ്ങലയായി കൈകോർത്ത് പ്രതിജ്ഞയെടുക്കും. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ പൊതുസമ്മേളനങ്ങളും നടക്കും. 20 ലക്ഷം യുവജനങ്ങൾ ഇടമുറിയാതെ ചങ്ങലയിൽ അണിചേരുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും പ്രസിഡന്റ് വി. വസീഫും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Read also: സഹകരണ ബാങ്ക് ഓഡിറ്റർമാരുടെ പ്രവർത്തനം വർഷംതോറും വിലയിരുത്തണമെന്ന് റിസർവ് ബാങ്ക്
കൂടാതെ വിദ്യാർഥികൾ, തൊഴിലാളികൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ എന്നിവരും ചങ്ങലയിൽ പങ്കാളികളാവും. ഡി.വൈ.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീമാണ് കാസർകോട്ട് ആദ്യ കണ്ണിയാകുന്നത്. പൊതുസമ്മേളനം മഹിള അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐയുട ആദ്യ പ്രസിഡന്റ് ഇ.പി. ജയരാജൻ അവസാന കണ്ണിയാകും.
പൊതുസമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഡി.വൈ.എഫ്.ഐ ദേശീയ സെക്രട്ടറി ഹിമങ് രാജ് ഭട്ടാചാര്യ തുടങ്ങിയവർ സംസാരിക്കും. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് അടക്കമുള്ള സംഘടനകളിലെ പ്രവർത്തകർക്കും പ്രതിഷേധത്തിൽ പങ്കെടുക്കാമെന്നും ഇവരേയും ക്ഷണിക്കുന്നതായും ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു