യുനൈറ്റഡ് നേഷൻസ്: ഇസ്രായേലിന്റെ ആക്രമണത്തിൽ പരിക്കേറ്റ 60,000ത്തോളം ഫലസ്തീനികൾ ചികിത്സ ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ അടിയന്തര ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഊർജവും മരുന്നും ഇല്ലാതെ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടതാണ് കാരണം. ലോകാരോഗ്യ സംഘടനക്കുവേണ്ടി ഗസ്സയിൽ ആഴ്ചകൾ സേവനം നടത്തിയ ശേഷം അടുത്തിടെ മടങ്ങിയ ഡോക്ടർമാർ, ഭീകരമാണ് അവസ്ഥയെന്ന് വിവരിച്ചു.
ചികിത്സ നിലച്ച ആശുപത്രികളിലാണ് ആയിരക്കണക്കിന് അഭയാർഥികൾ കഴിയുന്നത്. ആയിരക്കണക്കിന് ആളുകൾ വീടുകൾ ഉപേക്ഷിച്ച് ശസ്ത്രക്രിയ മുറികളിലും ഇടനാഴികളിലും പടികളിലും താമസിക്കുന്നു. ആരുടെയെങ്കിലും കൈയോ കാലോ ചവിട്ടാതെ ചലിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി ഓഫിസർ ഡോ. സിയാൻ കാസെയ് പറഞ്ഞു. ചികിത്സ വേണ്ടവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറയുകയാണ്. കൊല്ലപ്പെടുന്നവരിലും പലായനം ചെയ്യുന്നവരിലും ആരോഗ്യ പ്രവർത്തകരുമുണ്ട്.
അതിഗുരുതരാവസ്ഥയിലുള്ളവരെ മാത്രമാണ് ചികിത്സിക്കുന്നത്. ആശുപത്രികൾക്കുനേരെയും ഇസ്രായേൽ ക്രൂരമായ ആക്രമണങ്ങൾ നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു