ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്നു. തെക്കൻ ഗസ്സ നഗരമായ റഫയിൽ വീടിനുനേർക്കുണ്ടായ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇവരിൽ പകുതിയും കുട്ടികളാണ്. അതിനിടെ, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ശാശ്വതമായ സമാധാനം സാധ്യമാക്കുന്നതിനുമുള്ള പദ്ധതി അറബ് നേതാക്കൾ അമേരിക്കൻ, യൂറോപ്യൻ സർക്കാറുകളുമായി ചർച്ച ചെയ്തു.
ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് പകരമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുക എന്നതാണ് പദ്ധതി എന്നറിയുന്നു. പേര് വെളിപ്പെടുത്താത്ത മുതിർന്ന അറബ് പ്രതിനിധിയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രായേലുമായുള്ള ബന്ധം സൗദി അറേബ്യ സാധാരണ നിലയിലാക്കുക, ഫലസ്തീന് ഐക്യരാഷ്ട്ര സഭയിൽ പൂർണ അംഗത്വം നൽകുക എന്നീ നിർദേശങ്ങൾ പദ്ധതിയിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഏതാനും ആഴ്ചകൾക്കുള്ളിൽ അറബ് രാഷ്ട്രങ്ങൾ ഈ പദ്ധതി അന്താരാഷ്ട്ര തലത്തിൽ സമർപ്പിക്കും. 24 മണിക്കൂറിനിടെ 60 ഫലസ്തീൻ പോരാളികളെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഗസ്സ സിറ്റിയിലെ ഇസ്രായേൽ ബോംബാക്രമണത്തിൽ അൽ ഖുദ്സ് ടി.വി ന്യൂസ് ഡയറക്ടർ വാഇൽ ഫനൂന കൊല്ലപ്പെട്ടു. ഈ ചാനലിലെ ഒമ്പതു പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നര മാസത്തിനിടെ നൂറിലധികം ഫലസ്തീൻ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്.
തെക്കൻ ലബനാനിലെ മയ്സ് അൽ ജബൽ നഗരത്തിൽ വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ച് ഇസ്രായേൽ ആക്രമണം നടത്തിയതായി ലബനാൻ നാഷനൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 1980ലെ ജനീവ കൺവെൻഷൻ നിരോധിച്ചതാണ് വൈറ്റ് ഫോസ്ഫറസ് ബോംബുകൾ.തെക്കൻ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാറി പറഞ്ഞു. ലബനാനിൽനിന്ന് ഇസ്രായേലിലെ അറബ് അൽ അരാംഷെ പ്രദേശത്തേക്ക് രണ്ട് റോക്കറ്റാക്രമണങ്ങൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു.ഖാൻ യൂനിസിലെ അബസാൻ പ്രദേശത്തുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ രണ്ട് ഫലസ്തീൻകാർ കൊല്ലപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു