അൽ ഖോബാർ: കെ.എം.സി.സി അൽഖോബാർ ഘടകം സി. ഹാഷിം അനുസ്മരണ സംഗമം സംഘടിപ്പിച്ചു. സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി മുൻ ട്രഷററും കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖനുമായിരുന്നു എൻജി. സി. ഹാഷിം.
മോദി സർക്കാറിന്റെ കീഴിൽ ഇന്ത്യയിൽ സംഭവിച്ച ഫാഷിസ്റ്റ് ഭരണം സമൂഹത്തിനും ന്യൂനപക്ഷ പിന്നാക്ക സമുദായത്തിനും ഏൽപിച്ച കെടുതികൾ വർഷങ്ങൾക്ക് മുമ്പ് തന്നെ ഹാഷിം വളരെ കൃത്യമായി പല വേദികളിലും അടയാളപ്പെടുത്തിയിരുന്നെന്നും പ്രവാസ വിഷയങ്ങളിൽ അടക്കം ക്രാന്തദർശിയായ നേതാവായിരുന്നു ഹാഷിമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഫൈസൽ ഇരിക്കൂർ അനുസ്മരിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇക്ബാൽ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. പ്രവിശ്യ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡൻറ് സുലൈമാൻ കൂലേരി ഉദ്ഘാടനം ചെയ്തു. ദമ്മാം മീഡിയ ഫോറം പ്രതിനിധി മുജീബ് കളത്തിൽ, സൗദി കെ.എം.സി.സി ദേശീയ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, കിഴക്കൻ പ്രവിശ്യാ ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല, ദമ്മാം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ എന്നിവർ സംസാരിച്ചു. ഹ്രസ്വ സന്ദർശനത്തിന് കിഴക്കൻ പ്രവിശ്യയിലെത്തിയ സൗദി കെ.എം.സി.സി മുൻ ദേശീയ ഓഡിറ്ററും അഴിയൂർ ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറുമായ യു.എ. റഹീമിന് സ്വീകരണം നൽകി. ‘സാമൂഹിക സുരക്ഷാപദ്ധതി 2024’ കാമ്പയിന് മികച്ച പ്രവർത്തനം നടത്തിയ ആക്രബിയ, ദഹറാൻ ഏരിയ കമ്മിറ്റികൾക്ക് ഉപഹാരം നൽകി.
സുരക്ഷാപദ്ധതി കാമ്പയിനിൽ മികവ് പുലർത്തിയ സെൻട്രൽ കമ്മിറ്റി കോഓഡിനേറ്റർമാരായ അൻവർ ഷാഫി വളാഞ്ചേരി, ലുബൈദ് ഒളവണ്ണ, ഹബീബ് പോയിൽതൊടി, വിവിധ ഏരിയ കോഓഡിനേറ്റർമാരായ സലീം കുമ്പിടി (അക്രബിയ്യ), അനീസ് ബാബു (ദഹ്റാൻ), നജുമുദ്ദീൻ വെങ്ങാട് (ഖോബാർ ടൗൺ), അബ്ദുന്നാസർ ദാരിമി അസ്സഅദി (സുബൈക്ക), ഇക്ബാൽ ആനമങ്ങാട് (റാക്ക), ഇസ്മാഈൽ തിരൂർ (ഖോബാർ നോർത്ത്) എന്നിവർക്ക് ഫലകം സമ്മാനിച്ചു.
മദാരിസ് എജുക്കേഷനൽ അക്കാദമിയുടെ സഹകരണത്തോടെ അൽഖോബാർ കെ.എം.സി.സി പുറത്തിറക്കിയ പുതുവർഷ കലണ്ടർ സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ ഖാദി മുഹമ്മദ് കാസർകോട് മുതിർന്ന നേതാവ് സലാം ഹാജി കുറ്റിക്കാട്ടൂരിന് നൽകി പ്രകാശനം നിർവഹിച്ചു.
ഫറോക്ക് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സി.എച്ച്. സെൻറർ കേന്ദ്രം നിർമിതിയുടെ ഭാഗമായി ബേപ്പൂർ മണ്ഡലം കെ.എം.സി.സി പ്രഖ്യാപിച്ച പെർഫ്യൂം ചലഞ്ച് അൽഖോബാർ തല പ്രചാരണ ഉദ്ഘാടനം വനിത കെ.എം.സി.സി പ്രസിഡൻറ് ശബന നജീബിന് കൈമാറി ആബിദ് പാറക്കൽ നിർവഹിച്ചു. മുനീർ നന്തി, കലാം മീഞ്ചന്ത, റസാഖ് ബാബു ഓമാനൂർ, ജുനൈദ് കാഞ്ഞങ്ങാട്, മുഹമ്മദ്, പുതുക്കുടി, ഫിറോസ് ഏലംകുളം എന്നിവർ നേതൃത്വം നൽകി. ഫഹീം ഹബീബ് ഖിറാഅത്ത് നിർവഹിച്ചു. നജുമുദ്ദീൻ വെങ്ങാട് സ്വാഗതവും ട്രഷറർ മൊയ്തുണ്ണി പാലപ്പെട്ടി നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു