തിരുവനന്തപുരം: ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസിൽ പിതാവ് ജെയിംസ് ജോസഫ് നാളെ സിജെഎം കോടതിയിൽ ഹാജരാകും. ജെസ്ന കേസ് അന്വേഷിച്ച സിബിഐ, കേസ് അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്തെങ്കിലും സൂചന ലഭിച്ചാൽ തുടരന്വേഷണം ഉണ്ടാകുമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. തുടർന്ന്, അഭിപ്രായം അറിയിക്കാൻ 19ന് ഹാജരാകാൻ കോടതി ജെസ്നയുടെ പിതാവിന് നോട്ടിസ് അയച്ചു. നാളെ സിബിഐ ഉദ്യോഗസ്ഥരുമായി പിതാവ് ചർച്ച നടത്തും. സിബിഐ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. അഭിഭാഷകരെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയ്ക്കുശേഷം തീരുമാനിക്കും.
ജെസ്നയുടെ തിരോനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്ക് ബന്ധമില്ലെന്നാണ് സിബിഐ റിപ്പോർട്ടിലുള്ളത്. ജസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേരള പൊലീസ് കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ജെസ്നയുടെ സുഹൃത്തിന്റെയും പിതാവിന്റെയും ബ്രെയിൻമാപ്പിങ് പരിശോധന നടത്തിയെങ്കിലും കേസിന് സഹായകരമായ വിവരങ്ങൾ ലഭിച്ചില്ല. ജെസ്നയ്ക്ക് അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല.
സമീപ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും പരിശോധന നടത്തിയെങ്കിലും കൊല്ലപ്പെട്ടതിനു തെളിവു ലഭിച്ചില്ലെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. വിദേശത്തെ അന്വേഷണത്തിനായി ഇന്റർപോളിന്റെ സഹായത്തോടെ യെല്ലോ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാനില്ലെന്നു കാട്ടി പിതാവ് എരുമേലി പൊലീസിലും തൊട്ടടുത്ത ദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കിയത്. ലോക്കൽ പൊലീസിൽനിന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പിന്നീടാണ് സിബിഐ കേസ് അന്വേഷിക്കുന്നത്.