ദോഹ: ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന്റെ ഭാഗമായ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയതായി പൊതുഗതാഗത വിഭാഗമായ മുവാസലാത്ത് (കർവ) അറിയിച്ചു.
ഡ്രൈവറില്ലാതെ, വാഹനത്തിന്റെ നിയന്ത്രണം നിർമിതബുദ്ധി സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഓട്ടോണമസ് ബസിന്റെ സ്റ്റാൻഡേർഡ് ട്രയൽ ഓപറേഷനാണ് വിജയകരമായി പൂർത്തിയാക്കിയത്. ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വാഹന നിർമാതാക്കളായ യുടോങ്ങുമായി സഹകരിച്ച് മുവാസലാത്ത് ലുസൈൽ ബസ് ഡിപ്പോയിൽ യാത്രക്കാരുമായി ഓട്ടോണമസ് ബസിന്റെ യാത്ര പൂർത്തിയാക്കി.
പൊതുഗതാഗത മേഖലയിൽ നവീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ഓട്ടോണമസ് വാഹന പദ്ധതിക്ക് മന്ത്രാലയം തുടക്കം കുറിച്ചത്.
നിർമിതബുദ്ധി സാങ്കേതികവിദ്യകളുടെ ഉപയോഗവും ഗതാഗത വ്യവസായത്തിന്റെ ആഗോള പുരോഗതിക്കൊപ്പം നീങ്ങുകയും ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തിയാണിത്. ഖത്തറിന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി കുറഞ്ഞ ഊർജ, ഇന്ധന ഉപഭോഗം, കാർബൺ പുറന്തള്ളൽ കുറക്കൽ, കുറഞ്ഞ നിരക്കിലെ ഗതാഗത അപകടങ്ങൾ, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിങ്ങനെ നിരവധി നേട്ടങ്ങൾ കൈവരിക്കുന്നതിന് സ്മാർട്ടും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനങ്ങൾ ആവിഷ്കരിക്കുകയാണ് മന്ത്രാലയത്തിന്റെ പദ്ധതിക്ക് പിന്നിൽ.
ശുദ്ധമായ വൈദ്യുതോർജത്താൽ പ്രവർത്തിക്കുന്ന ഈ ബസുകൾ ഹരിതഭാവിയിലേക്കുള്ള സുപ്രധാന മുന്നേറ്റത്തെ അടയാളപ്പെടുത്തും. അത്യാധുനിക സെൻസറുകൾ, ഹൈ-ഡെഫിനിഷൻ കാമറകൾ, ലേസർ, അൾട്രാസോണിക് റഡാറുകൾ എന്നിവ ബസുകളിൽ ഘടിപ്പിച്ചിട്ടുണ്ട്.
ഇതിലൂടെ സമാനതകളില്ലാത്തതും ഉന്നത നിലവാരത്തിലുള്ളതുമായ സുരക്ഷ ഉറപ്പാക്കുന്നു. ഗതാഗത മേഖലയിൽ കാര്യക്ഷമത വർധിപ്പിക്കുന്നതോടൊപ്പം സുരക്ഷിതവും കൂടുതൽ സുസ്ഥിരവുമായ നഗര അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നു.
ഖത്തർ ഫൗണ്ടേഷൻ കാമ്പസിൽ യാത്രക്കാരില്ലാതെ ഓട്ടോണമസ് ഇലക്ട്രിക് മിനി ബസിന്റെ കഴിഞ്ഞ വർഷത്തെ വിജയകരമായ പരീക്ഷണയോട്ടത്തിന്റെ ഫലമാണ് പുതിയ ട്രയലെന്ന് മന്ത്രാലയത്തിലെ പൊതുഗതാഗത വകുപ്പ് പ്രോജക്ട് മാനേജർ മിസ്നദ് അൽ മിസ്നാദ് പറഞ്ഞു.
ഖത്തറിലെ സാമ്പത്തിക, സേവന മേഖലകളെ പിന്തുണക്കുകയും വരുംതലമുറകൾക്ക് സുസ്ഥിര പാരമ്പര്യം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഗതാഗത സംവിധാനങ്ങൾ കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുമെന്ന് മുവാസലാത്ത് (കർവ) സി.ഇ.ഒ അഹ്മദ് ഹസൻ അൽ ഉബൈദലി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു