അയോധ്യ: നാല് മണിക്കൂർ നീണ്ട ആചാരാനുഷ്ടാനത്തിന് ശേഷം അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ രാംലല്ല വിഗ്രഹം സ്ഥാപിച്ചു. വ്യാഴാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ രാമലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. 51 ഇഞ്ച് ഉയരമുള്ള അഞ്ച് വയസ്സുള്ള രാമന്റെ വിഗ്രഹമാണ് സ്ഥാപിച്ചത്. കറുത്ത കല്ലുകൊണ്ടാണ് വിഗ്രഹം നിർമിച്ചത്. പ്രാണ്‍ പ്രതിഷ്ഠക്ക് മുന്നോടിയായിട്ടാണ് വിഗ്രഹം സ്ഥാപിച്ചത്. രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റി ബിംലേന്ദ്ര മോഹൻ പ്രതാപ് മിശ്രയുടെ മേല്‍നോട്ടത്തിലാണ് വിഗ്രഹം തെരഞ്ഞെടുത്തത്.
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 22ന് ഉച്ചയ്ക്ക് 12.20നാണ് വിഗ്രഹ പ്രതിഷ്ഠ നടക്കുകയെന്നും അധികൃതര്‍ അറിയിച്ചു. 120 മുതല്‍ 200 കിലോ വരെയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്‍റെ തൂക്കമെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത് റായ് പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാഗമാകും. വാരാണസിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
അതേസമയം, ഉത്തരേന്ത്യയിലെ കൂടുതല്‍ കോണ്‍ഗ്രസ് ഘടകങ്ങള്‍ അയോധ്യയിലേക്ക് പോകുമെന്ന് വ്യക്തമാക്കി രംഗത്തെത്തി. പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുക്കാതെ തുടര്‍ ദിവസങ്ങളിലോ മുന്‍പോ രാമക്ഷേത്രത്തിലെത്താനാണ് തീരുമാനം. ഉത്തര്‍ പ്രദേശ് ഘടകം വൈകുന്നരത്തോടെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
ഇതിനിടെ ശങ്കരാചാര്യന്മാരെ വിമര്‍ശിച്ച മഹാരാഷ്ട്ര മന്ത്രി നാരായണ്‍ റാണയെ പുറത്താക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. അയോധ്യയില്‍ പരമാവധി പരിക്കേല്‍ക്കാതെ നീങ്ങാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രതിഷ്ഠാ ദിനം ബിജെപി രാഷ്ട്രീയ ചടങ്ങാക്കി മാറ്റിയെന്ന വിമര്‍ശനം ഉന്നയിച്ച് മാറി നിൽക്കുമ്പോള്‍ തൊട്ടു കൂടായ്മയില്ലെന്ന് വ്യക്തമാക്കാനാണ് കൂടുതല്‍ സംസ്ഥാന ഘടകങ്ങള‍്‍ അയോധ്യയിലേക്ക് നീങ്ങുന്നത്.