തണുപ്പ് കാലത്ത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ജലദോഷവും ചുമയും ഒക്കെ പലരെയും നന്നായി ബുദ്ധിമുട്ടിച്ച് തുടങ്ങിയിട്ടുണ്ടാകും. ഭക്ഷണകാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ അസുഖങ്ങള്‍ കുറയ്ക്കാം. തണുപ്പ് കാലത്ത് മുതിര നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അത് നമുക്ക് പല മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാം. ഇന്നത്തെ റെസിപ്പി മുതിര രസമാണ്.
ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട സൂപ്പാണ് രസം. ഇത് ചോറിനൊപ്പം കഴിക്കുകയോ അല്ലെങ്കിൽ ഭക്ഷണത്തിനുശേഷം സൂപ്പ് ആയോ കുടിക്കാം. രസം പലവിധത്തിൽ തയാറാക്കാം.
രസത്തിന്റെ ഗുണങ്ങളുണ്ട്. ശരീരത്തിന്റെ അധികഭാരം കുറയ്ക്കുവാന്‍ സഹായിക്കും. ധാരാളം ആന്റിഓക്സിഡൻറ് ഉണ്ട്. പ്രതിരോധശേഷി നൽകുന്ന ഒന്നാണ് രസം. വയറിലെ പല പ്രശ്നങ്ങൾക്കും ഉത്തമമാണ്.
വേണ്ട ചേരുവകൾ
മുതിര –ഒരു കപ്പ്
മല്ലി –ഒരു സ്പൂൺ
കടലപരിപ്പ് –ഒരു ടീസ്പൂൺ
കറിവേപ്പില –രണ്ട് തണ്ട്
ചുവന്ന മുളക്– 4 എണ്ണം
ജീരകം –ഒരു ടീസ്പൂൺ
കായം –ഒരു കഷണം
കുരുമുളക് –ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി –കാൽ ടീസ്പൂൺ
തക്കാളി – ഒന്ന്
പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ
read more വെറും പത്തു മിനിറ്റിൽ ചോറിനൊരു കിടിലം കറി
തയാറാക്കേണ്ട വിധം
മുതിര കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് വയ്ക്കുക. കുക്കറിൽ വേവിക്കുക. നന്നായി വെന്ത് ഉടയണം. രസം പൊടി തയ്യാറാക്കുക. കടലപ്പരിപ്പ്, ജീരകം, മല്ലി, ചുവന്ന മുളക്, കറിവേപ്പില, കുരുമുളക് നന്നായി വറുത്ത് പൊടിക്കുക. പുളി വെള്ളത്തിൽ ഇട്ട് വയ്ക്കുക. മഞ്ഞൾ പൊടി, ഉപ്പ് പാകത്തിന് ചേർത്ത് പുളി തിളപ്പിക്കുക. ഒരു കുഞ്ഞു കഷ്ണം കായം ചേർക്കുക. പുളി വേവായാൽ അതിലേക്ക് നന്നായി വെന്ത് ഉടച്ച് മുതിര ചേർക്കുക. തങ്കാളിയും ചേർക്കുക.
എല്ലാം നന്നായി മിക്സായാൽ രസം പൊടി ചേർക്കാം. രസത്തിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് രസപൊടി നന്നായി മിക്സാക്കി ചേർക്കുക. ഒന്ന് ചെറുതായി തിളച്ചാൽ കറിവേപ്പിലയോ മല്ലിയിലയോ ചേർത്ത് നല്ല ഒരു മഴക്കാലം ആസ്വദിക്കാം