കാക്കനാട്: മാലിന്യങ്ങൾ തള്ളുന്നത് സ്വകാര്യ ഭൂമിയിലാണെങ്കിലും നീക്കം ചെയ്യാൻ തദ്ദേശസ്ഥാപനത്തിന് ചുമതലയുണ്ടെന്ന് ഹൈകോടതി. മറ്റ് നഗരമാലിന്യങ്ങൾ സംസ്കരിക്കുന്നതുപോലെ സ്വകാര്യഭൂമിയിൽ അനധികൃതമായി തള്ളിയ മാലിന്യം നീക്കം ചെയ്ത് സംസ്കരിക്കാനുമുള്ള ബാധ്യത തദ്ദേശസ്ഥാപനത്തിന്റേതാണ്.
തൃക്കാക്കരയിൽ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് മേഖലയിൽ കൊച്ചി മെട്രോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തള്ളിയിരിക്കുന്ന മാലിന്യങ്ങൾ ഒരുമാസത്തിനകം നീക്കണമെന്ന ഉത്തരവിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ നിരീക്ഷണം. മെട്രോയുടെ ചെലവിൽ നീക്കുന്ന മാലിന്യം തൃക്കാക്കര നഗരസഭ ഏറ്റുവാങ്ങി സംസ്കരിക്കണം.
എൻ.ജി.ഒ ക്വാർട്ടേഴ്സ്- മാവേലിപുരം റോഡിലുള്ള ഈ സ്ഥലത്ത് മെട്രോ അധികൃതർ അടിയന്തരമായി വേലിയോ മതിലോ കെട്ടണമെന്നും ഉത്തരവിട്ടു. കെ.എം.ആർ.എൽ മെട്രോ സിറ്റി പദ്ധതിക്കായി എടുത്തിരിക്കുന്ന സ്ഥലങ്ങളും സമീപത്തെ റോഡുകളും മാലിന്യത്താൽ നിറഞ്ഞിരുന്നു.
read also….വിദ്യാർഥി സംഘർഷം; എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു
സ്ഥലം കെട്ടിയടക്കാൻ പലതവണ ശ്രമിച്ചെങ്കിലും ഹരജിക്കാരനടക്കമുള്ള പരിസരവാസികൾ തടഞ്ഞതായി കൊച്ചി മെട്രോ അറിയിച്ചു. മതിൽ നിർമാണത്തിന് എതിർപ്പുണ്ടായാൽ മെട്രോ അധികൃതർക്ക് പൊലീസ് സഹായം തേടാമെന്ന് കോടതി നിർദേശിച്ചു. തൊഴിലാളികളെയും യന്ത്രങ്ങളും എത്തിച്ച് മാലിന്യം നീക്കം ചെയ്യാൻ മെട്രോ അധികൃതർ നടപടിയെടുക്കണം. മുനിസിപ്പാലിറ്റി നിർദേശിക്കുന്ന സ്ഥലത്തേക്ക് കെ.എം.ആർ.എൽ സ്വന്തം ചെലവിൽ മാലിന്യം എത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു