തെൽ അവീവ്: ഗസ്സക്കെതിരായ യുദ്ധം 100 ദിവസം പിന്നിട്ടിട്ടും ബന്ദികളെ മോചിപ്പിക്കുക, ഹമാസിനെ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങൾ നേടുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടെന്ന് ഇസ്രായേൽ മുൻ റിസർവ് ജനറൽ ഇറ്റ്സാക് ബ്രിക്ക്. ബന്ദികളെ ജീവനോടെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് പൊറുക്കാനാവാത്ത വീഴ്ചയായിരിക്കും. മുമ്പ് ചെയ്തതുപോലെ ഇസ്രായേലിലെ ഫലസ്തീൻ തടവുകാരെ വിട്ടയച്ചും വെടിനിർത്തൽ പ്രഖ്യാപിച്ചും ബന്ദി മോചനം സാധ്യമാക്കണം.
ഗസ്സക്കെതിരായ യുദ്ധത്തിന്റെ വരാനിരിക്കുന്ന ഘട്ടം ഇസ്രായേലിന് അത്യന്തം പ്രയാസകരമാണെന്ന് അദ്ദേഹം ഹാരെറ്റ്സിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വലിയ വില നൽകാതിരിക്കാൻ, ഇസ്രായേൽ അതിന്റെ യുദ്ധ തന്ത്രം മാറ്റണമെന്നും യുദ്ധത്തിന്റെ മൂന്നാം ഘട്ടത്തിൽ ഖാൻ യൂനിസിൽ നിന്നും സെൻട്രൽ ഗസ്സയിലെ ക്യാമ്പുകളിൽ നിന്നും പിന്മാറണമെന്നും ബ്രിക്ക് നിർദേശിച്ചു.
‘ഇസ്രായേൽ അവരെ ഉപരോധിക്കുകയും രഹസ്യാന്വേഷണ വിവരങ്ങളുടെ സഹായത്തോടെ ഹമാസ് സേനയിലേക്ക് നുഴഞ്ഞുകയറുകയും വേണം’ -മുൻ ജനറൽ കൂട്ടിച്ചേർത്തു. ഗസ്സയും ഈജിപ്തുമായുള്ള ബന്ധം വിച്ഛേദിക്കുന്നതാണ് അടുത്ത ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഹമാസ് തുരങ്കങ്ങളും വഴികളും തടയാൻ ഗസ്സ-ഈജിപ്ത് അതിർത്തിയിലൂടെയുള്ള ഫിലാഡൽഫി റൂട്ട് പിടിച്ചെടുക്കാനാണ് സൈനിക പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
എന്നാൽ, ജനസാന്ദ്രതയുള്ള റഫ അഭയാർത്ഥി ക്യാമ്പുകളിൽ വൻതോതിൽ സാധാരണക്കാർ കൊാല്ലപ്പെട്ടേക്കുമെന്നതിനാൽ ഈ നീക്കം അസാധ്യമാണെന്ന് ബ്രിക്ക് പറഞ്ഞു. ‘റഫയിലെ അഭയാർത്ഥി ക്യാമ്പുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഏതൊരു ശ്രമവും സാധാരണക്കാരുടെ കൂട്ടക്കൊലയിലേക്ക് നയിക്കും. അമേരിക്കയും ലോകവും ഇസ്രായേലിനെ അതിന് അനുവദിക്കില്ല’ – ബ്രിക്ക് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു