കൊച്ചി: മഹാരാജാസ് കോളജിലെ ഭിന്നശേഷിക്കാരനായ അധ്യാപകനു വിദ്യാർഥിയുടെ മർദ്ദനം. അറബിക് വിഭാഗം അസി. പ്രൊഫസർ ഡോ. കെഎം നിസാമുദ്ദീനാണ് മർദ്ദനമേറ്റത്. അറബിക് മൂന്നാം വർഷ വിദ്യാർഥി മുഹമ്മദ് റാഷിദാണ് അധ്യാപകനെ ആക്രമിച്ചത്. അധ്യാപകന്റെ പരാതിയിൽ സെൻട്രൽ പൊലീസ് കേസെടുത്തു.
ബുധനാഴ്ചയായിരുന്നു സംഭവം. അറബിക് ഡിപ്പാർട്മെന്റിൽ എത്തിയ മുഹമ്മദ് റാഷിദ് അധ്യാപകനോടു വളരെ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. എന്നാൽ സംസാരിക്കാൻ താത്പര്യമില്ലെന്നു പറഞ്ഞ് അധ്യാപകൻ പ്രിൻസിപ്പൽ റൂമിലേക്ക് പോയി.
അതിനിടെ കോണിപ്പടിയിൽ വച്ച് മുഹമ്മദ് റാഷിദ് അധ്യാപകനെ തടഞ്ഞു. അരയിൽ കരുതിയിരുന്ന കത്തി പോലുള്ള ആയുധത്തിന്റെ പിടികൊണ്ടു അധ്യാപകന്റെ പിറകിൽ രണ്ട് തവണ ഇടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും അഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ അധ്യാപകനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിനോദ യാത്രക്കിടെ ടൂറിസം ക്ലബ് അംഗങ്ങളെ ഒരു സംഘം വിദ്യാർഥികൾ ട്രെയിനിൽ കയറി ആക്രമിച്ചിരുന്നു. തുടർന്നു കോളജിൽ നടന്ന വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാൻ അധ്യാപകൻ കോളജ് പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു. അധ്യാപകൻ പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കേൾവി പരിമിതികളുള്ള അധ്യാപകനാണ് നിസാമുദ്ദീൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു