കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ആലുവ പുറയാറില്‍ അനവധി സൗകര്യങ്ങളോടെ പകല്‍വീട് നിര്‍മ്മിക്കുന്നു. എറണാകുളം-അങ്കമാലി അപോസ്റ്റലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും എറണാകുളം സോണല്‍ ഹെഡുമായ കുര്യാക്കോസ് കോനിലും ചേര്‍ന്ന് ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ ആണ് ഈ പകല്‍വീടിന്റെ നടത്തിപ്പ് ചുമതല. ഫെഡറല്‍ ബാങ്ക് സിഎസ്ആര്‍ വിഭാഗം ഹെഡും ഡിവിപിയുമായ അനില്‍ സി.ജെ, പാലാരിവട്ടം ബ്രാഞ്ച് ഹെഡും ഡിവിപിയുമായ സ്നേഹ എസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെഡറല്‍ ബാങ്ക് മുന്‍ ജീവനക്കാരായ ടി പി ജോര്‍ജ്, മേരി ജോര്‍ജ് എന്നിവര്‍ സൗജന്യമായി നല്കിയ ഭൂമിയിലാണ് പകല്‍വീട് നിര്‍മ്മിക്കുന്നത്.
ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരന്, കാഞ്ഞൂര്‍ ഫൊറോന വികാരി റവ. ഡോ. ജോസഫ് കണിയാംപറമ്പില്‍, സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, പഞ്ചായത്ത് അംഗം നഹാസ് കളപ്പുരയില്‍, സഹൃദയ ജിഎം പാപ്പച്ചന് തെക്കേക്കര എന്നിവര്‍ സംസാരിച്ചു.