റിയാദ്: സൗദി അറേബ്യയുടെ സാംസ്കാരിക ചരിത്രത്തിലേക്ക് പഞ്ചാരിയും പാണ്ടിമേളവുമായി കൊട്ടിക്കയറി ആഘോഷവേദികളും ഉത്സവ നഗരികളും കീഴടക്കി മുന്നേറുകയാണ് മേളം റിയാദ് ടാക്കീസ് ചെണ്ടവാദ്യം. റിയാദ് സീസൺ, സന്തോഷ് ട്രോഫി റിയാദ്, ജിദ്ദ കോൺസുലേറ്റ് തുടങ്ങിയ വേദികൾ മുതൽ സൗദി പൗരന്മാരുടെ വിവാഹാഘോഷങ്ങളിൽ വരെ കേരളത്തിന്റെ ക്ഷേത്ര വാദ്യകലകളിൽ പ്രധാനപ്പെട്ടതായ ചെണ്ടമേളം ജനഹൃദയം കവരുകയാണ്. ഓണാഘോഷങ്ങളിലും ഫുട്ബാൾ ടൂർണമെന്റുകളിലും മാളുകളിലും ഈ ‘അസുരവാദ്യം’ ഒഴിച്ചുകൂടാനാവാത്ത ഒരിനമായി മാറിയിരിക്കുന്നു. 18 വാദ്യങ്ങളിൽ പ്രധാനിയും സപ്ത മേളങ്ങളിൽ പ്രമാണിയുമായ ചെണ്ടവാദ്യം റിയാദ് ടാക്കീസിന്റെ കൈയടക്കത്തിൽ ആസ്വദിക്കുമ്പോൾ തരിച്ചുപോകാത്തവരാരുമുണ്ടാകില്ല. മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന മേളം ടീം, നാടിന്റെ കലാരൂപം ലോകത്തെ കാണിക്കാൻ കഴിഞ്ഞ സന്തോഷത്തിലും ആവേശത്തിന്റെ നിറവിലുമാണ്.
നാടൻപാട്ടിന് താളം പിടിക്കാൻ കലാകാരനായ മഹേഷ് നാട്ടിൽനിന്നെത്തിച്ച രണ്ട് ചെണ്ടയിൽ നിന്നാണ് ഒരു ചെണ്ടമേളം സംഘമെന്ന ആശയത്തിന്റെ പിറവി. പിന്നീട് ആശാന്മാരായ ഹരീഷും ഉണ്ണിയുമെത്തിയതോടെ ആ സ്വപ്നത്തിന് ചിറക് മുളച്ചു. ഷൈജു പച്ച, റിജോഷ്, സജീർ, അനസ്, ജബ്ബാർ മാമൻ എന്നിവർ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഷമീർ കല്ലിങ്ങൽ, സുൽഫി, കൊച്ചു, പ്രദീപ്, ജംഷീർ, അശോകൻ എന്നിവർ ചേർന്ന് അണിയറയിൽ താളം മുറുക്കി. സുധീപ്, സജീവ്, സോണി, ജിജിൽ, സനോജ്, എൽദോ, ശാരി, സൈദ്, ബാദ്ഷാ, വിജയൻ, നസീർ, റിദ്വാൻ എന്നിവർ കൂടി എത്തിയതോടെ 21 അംഗ ടീമായി മേളം കൊഴുത്തു. ഒരുകൂട്ടം കലാകാരന്മാരുടെ ഹൃദയതാളം പ്രവാസത്തിന്റെ താളുകളിൽ ഒരു നാഴികക്കല്ലായി മുദ്രണം ചെയ്യപ്പെടുകയായിരുന്നു. കബീർ പട്ടാമ്പിയുടെ ഗോഡൗണാണ് ആദ്യകാലത്തെ പരിശീലന കളരി. പരിമിതമായ പരിശീലന സൗകര്യങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ഏതെങ്കിലും അടച്ചിട്ട റൂമുകളിലാണ് പലപ്പോഴും പ്രാക്ടീസ് ചെയ്യാറുള്ളത്. ഒരു ടീം തുടങ്ങുമ്പോൾ പ്രാക്ടീസ് ചെയ്യാനുള്ള ഇടം പോലെ തന്നെ അനുയോജ്യമായ ഒരു ഗുരുവിനെ കണ്ടെത്തുക എന്നതും ശ്രമകരമായ കാര്യമാണ്.
താളവാദ്യ കലകളില് ചെണ്ടമേളങ്ങൾക്ക് അതിപ്രധാനമായ സ്ഥാനമാണുള്ളതെന്നും പാണ്ടി, പഞ്ചാരി, ധ്രുവം, അടന്ത, അഞ്ചടന്ത, ചെമ്പ, ചെമ്പട, ത്രിപുട തുടങ്ങിയവയാണ് ചെണ്ടമേളങ്ങളെന്നും ഇവയില് ‘പാണ്ടി’ക്കും ‘പഞ്ചാരി’ക്കുമാണ് ഏറെ പ്രചാരമെന്നും ഹരീഷ് ആശാൻ പറഞ്ഞു. ഇടിമുഴക്കത്തിന്റെ നാദം മുതൽ നേർത്ത ദലമർമരത്തിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അത്ഭുത വാദ്യോപകരണമാണ് ചെണ്ടയെന്ന് ആസ്വാദകർ പറയാറുണ്ട്. സമർപ്പണ ബോധമുള്ള കുറെ ചെറുപ്പക്കാരാണ് ഇപ്പോൾ ഈ ടീമിലുള്ളതെന്നും സമയവും സ്ഥലവും ഒത്തുവന്നാൽ പുതിയ തലമുറയിലെ കുട്ടികൾക്ക് പരിശീലനം കൊടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ് ചെണ്ടയടിക്കാൻ നൽകുക. അതുവരെ ഡമ്മികളിലാണ് താളം പഠിക്കുക. ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ എന്നതുപോലെയാണ് ചെണ്ടയും ഇലത്താളവുമെന്നും മേളങ്ങളുടെ കാലവും കലാശവും മാറുന്നതുപോലെ ഇലത്താളത്തിനും അതിന്റേതായ കാലവും കലാശവും ഉണ്ടെന്നും സനുരൂപെന്ന ഉണ്ണിയാശാൻ പറഞ്ഞു. ചപ്പങ്ങ പോലുള്ള മരത്തിന്റെ കോലുകൾ ഉപയോഗിച്ചാണ് ചെണ്ട കൊട്ടുന്നത്. ചെണ്ടയിൽ തന്നെ ഫ്യൂഷൻ ചെയ്യാനും നാസിക് ഡോൾ കൂടി ചേർത്ത് അവതരണത്തിൽ വൈവിധ്യം കൊണ്ടുവരാനും ആലോചിക്കുന്നുണ്ടെന്ന് മാനേജരായ വിജയനും കോഓഡിനേറ്ററായ ഷൈജു പച്ചയും ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു