ബാബരി മസ്ജിദ് പൊളിച്ച് പണിയുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് സംബന്ധിച്ച വാര്‍ത്തകളും വിവാദങ്ങളുമാണ് ഇപ്പോള്‍ രാജ്യമെങ്ങും ചര്‍ച്ചാവിഷയം. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. നിലവില്‍ ബിജെപിയും ബിജെപി അനുകൂല പാര്‍ട്ടികളുമാണ് പരിപാടിയില്‍ പങ്കെടുക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പാണ് പണി തീരാത്ത രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷനും അയോധ്യയിലൊരുക്കിയിട്ടുണ്ട്.
പതിനായിരത്തിലധികം പേരെയാണ് നിലവില്‍ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയൊഴികെ മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ശിവസേന (യുബിടി) നേതാവ് ഉദ്ദവ് താക്കറെ തുടങ്ങി മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ ആരും തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മതപരമായ ഒരു ചടങ്ങിനെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി രാഷ്ട്രീയചടങ്ങായി ചിത്രീകരിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ‘ഇന്ത്യ’ മുന്നണിയുടെ അഭിപ്രായം. എന്നാല്‍ രാമക്ഷേത്രത്തെയോ പ്രതിഷ്ഠാ ചടങ്ങിനെയോ മൊത്തത്തില്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷത്തിനറിയാം. അങ്ങനെ സംഭവിച്ചാല്‍ അത് വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ തങ്ങളെ ബാധിക്കുമെന്നും അവര്‍ക്കറിയാം. അതുകൊണ്ട് തന്നെ ബിജെപി ആഘോഷിക്കാന്‍ പോകുന്ന ജനുവരി 22ലെ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ പല പ്രതിപക്ഷ പാര്‍ട്ടികളും അവരുടെതായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.