ഗാസയിലെ മനുഷ്യർ നേരിടുന്നത് രൂക്ഷമായ ഭക്ഷ്യക്ഷാമം

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ക്രൂരതകൾ നാൾക്കുനാൾ വർധിക്കുകയാണ്.  ദുരിതാശ്വാസ കാമ്പുകളിലേക്കുള്ള അവശ്യവസ്തുക്കൾ വിതരണം ചെയ്യാനനുവദിക്കാതെ ഇസ്രായേൽ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് യു.എൻ. കടുത്ത ക്ഷാമം നേരിടുന്ന വടക്കൻ ഗസ്സയിൽ ഭക്ഷണവും വെള്ളവും മരുന്നും മറ്റ് ജീവൻ രക്ഷാ സാമഗ്രികളും വിതരണം ചെയ്യാനെത്തിയ യു.എൻ ദൗത്യസംഘങ്ങളെയാണ് ഇസ്രായേൽ അധികൃതർ തടയുന്നത്. 

ഇ​സ്രായേൽ തുടരുന്ന ബോംബാക്രമണത്തിൽ  തകർന്ന വടക്കൻ ഗസ്സയിലെ പല മേഖലകളിലും  ഭക്ഷ്യക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതിനൊപ്പം പകർച്ചവ്യാധികളും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടിയന്തര സഹായമെത്തിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും  യു.എൻ ഏജൻസി പറയുന്നു. 

ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 24,100 പേർ കൊല്ലപ്പെടുകയും 60,800-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം 100 ദിവസം പിന്നിട്ട സാഹചര്യത്തിൽ ഗസ്സ മുനമ്പിൽ അടിയന്തര വെടിനിർത്തലിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. സഹായ വിതരണം എളുപ്പമാക്കുന്നതിനും  ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിർത്തലിന്‍റെ അടിയന്തര ആവശ്യത്തെക്കുറിച്ച് അന്റോണിയോ ഗുട്ടെറസ് പറയുന്നു. 

ഒക്ടോബര്‍ 7ലെ ആക്രമണത്തിനു ശേഷമുണ്ടായ യുദ്ധം 2.4 ദശലക്ഷം ആളുകളെ ബാധിക്കുകയും ഭൂരിഭാഗം പ്രദേശങ്ങളും നശിപ്പിക്കുകയും ചെയ്തു.  ആളുകൾ അഭയകേന്ദ്രങ്ങളിൽ അഭയം തേടുകയും ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യസഹായം തുടങ്ങിയ അവശ്യ വിഭവങ്ങൾ ലഭ്യമാക്കാൻ പാടുപെടുകയും ചെയ്തു. 

ഗാസയിലെ ജനത രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്നതിന്റെ തെളിവാണ് ഭക്ഷണവുമായി എത്തുന്ന ട്രക്കുകളെ ജനക്കൂട്ടം പൊതിയുന്നതിന്റെ ദൃശ്യങ്ങൾ. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം