തിരുവനന്തപുരം: അമേരിക്കയിലെ അറ്റ്ലാന്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആന്‍ഡ് ട്രാവല്‍ ടെക്നോളജി കമ്പനിയായ എബൗ പ്രോപര്‍ട്ടി സര്‍വീസസിനെ (എപിഎസ്) ഐബിഎസ് സോഫ്റ്റ് വെയര്‍ ഏറ്റെടുത്തു.90 ദശലക്ഷം ഡോളറിനാണ് (747 കോടിയോളം രൂപ) ട്രാവല്‍ സോഫ്റ്റ് വെയര്‍ രംഗത്തെ മുന്‍നിരക്കാരായ ഐബിഎസ് ഈ ഏറ്റെടുക്കല്‍ നടത്തിയത്.ട്രാവല്‍ ഹോസ്പിറ്റാലിറ്റി സോഫ്റ്റ് വെയര്‍ സേവനരംഗത്ത് ഐബിഎസ് പുലര്‍ത്തുന്ന ആഗോള മേധാവിത്വം ഉറപ്പിക്കാന്‍ ഈ ഏറ്റെടുക്കലിലൂടെ സാധിക്കും.
ഈ ഏറ്റെടുക്കലോടെ ആഗോള ഹോട്ടല്‍ ശൃംഖല, റിസോര്‍ട്ടുകള്‍, ഗെയിമിംഗ് വിപണി എന്നീ മേഖലകളില്‍ പരിധിയില്ലാത്ത ഇടപാടുകള്‍ നടത്താന്‍ ഐബിഎസിലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇത്തരം ഏകീകൃത സംവിധാനമുള്ള ഏക സോഫ്റ്റ് വെയര്‍ സേവനദാതാക്കളാകും ഇനി മുതല്‍ ഐബിഎസ്.സെന്‍ട്രല്‍ റിസര്‍വേഷന്‍ സിസ്റ്റം (സിആര്‍എസ്), പ്രോപര്‍ട്ടി മാനേജ്മന്റ് സിസ്റ്റം (പിആര്‍എസ്), റവന്യൂ മാനേജ്മന്റ് സിസ്റ്റം (ആര്‍എംഎസ്) എന്നിവയില്‍ അത്യാധുനിക സേവനങ്ങള്‍ നല്കാന് ഈ ഏറ്റെടുക്കല്‍ ഐബിഎസിനെ സഹായിക്കും.ലോകത്തിലെ ഏറ്റവും മികച്ച 36,000 ഹോട്ടലുകളും റിസോര്‍ട്ടുകളും ഉപയോഗിച്ച് വരുന്ന ഐബിഎസിന്റെ സോഫ്റ്റ് വെയറിനൊപ്പം കോള്‍ സെന്റര്‍, ഡിമാന്‍ഡ് സൈഡ് സൊല്യൂഷന്‍സ് എന്നിവയും കൂട്ടിച്ചേര്‍ക്കാന്‍ ഈ ഏറ്റെടുക്കലോടെ സാധിക്കും.
ലോകത്തിലെ മുന്‍നിര പിആര്‍എസ്, സിആര്‍എസ് സേവനങ്ങളില്‍ പ്രാവീണ്യം തെളിയിച്ച ആരോണ്‍ ഷെപേര്‍ഡ് 2012 ലാണ് എപിഎസ് സ്ഥാപിച്ചത്. ഹോട്ടല്‍ സോഫ്റ്റ് വെയറില്‍ അടിമുടി പരിഷ്കാരങ്ങള്‍ വരുത്തിയാണ് ഇവര്‍ വിപണിയില്‍ സാന്നിദ്ധ്യമുറപ്പിച്ചത്. വിവിധ വില്പനക്കാരും, ഉപഭോക്താക്കള്‍ക്കുമായി ബുക്കിംഗ്, ക്യാന്സലേഷന്, പ്രോപര്‍ട്ടി മാനേജ്മന്റ് എന്നിവയ്ക്കായി ശക്തമായ സോഫ്റ്റ് വെയര്‍ സംവിധാനം ആവശ്യമായിരുന്നു. ലോഗിന്‍, യൂസര്‍ ഇന്റര്‍ഫേസസ്, പരിശീലന സംവിധാനം, നവീകരണ രീതികള്‍, താരിഫ് നിര്‍ണയം തുടങ്ങിയവ മികച്ച രീതിയില്‍ സമന്വയിപ്പിക്കാന്‍ എപിഎസിന് കഴിഞ്ഞിട്ടുണ്ട്.
മികച്ച വേഗത്തില്‍ സിആര്‍എസ്, പിഎംഎസ്, ആര്‍എംഎസ് സേവനങ്ങള്‍ നല്കാന് കഴിഞ്ഞ ഒരു ദശകമായി എപിഎസ് നല്‍കുന്നുണ്ട്. ഗസ്റ്റ് മാനേജ്മന്റും വിവരശേഖരണവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഈ സേവനങ്ങള്‍ സഹായിച്ചു.
നൂതനത്വത്തിന്റെ യഥാര്‍ഥ ഉദാഹരണമാണ് എപിഎസെന്ന് ഐബിഎസിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി. സമ്പൂര്‍ണവും സമഗ്രവുമായ ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നല്കുന്നതില് ആരോണ്‍ ഷെപേര്‍ഡിന്റെയും സംഘത്തിന്റെയും സംഭാവനകള്‍ ചെറുതല്ല. വിപണി സാന്നിദ്ധ്യം വര്‍ധിപ്പിക്കാനും കൂടുതല്‍ മേഖലകളിലേക്ക് കയറിച്ചെല്ലാനും ഇടത്തരം-വന്‍കിട ആഡംബര ഹോട്ടലുകള്‍ മുതല്‍ ഗെയിമിംഗ് വിപണിവരെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഈ ഏറ്റെടുക്കലിലൂടെ ഐബിഎസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹോസ്പിറ്റാലിറ്റി സോഫ്റ്റ് വെയര്‍ സേവനങ്ങളെ പുതിയ തലത്തിലേക്കെത്തിക്കാനും അതു വഴി ഉപഭോക്താക്കള്‍ക്ക് നിസ്സീമമായ സേവനങ്ങള്‍ നല്‍കാനും ഐബിഎസും എപിഎസുമായുള്ള കൂടിച്ചേരലിന് സാധിക്കുമെന്ന് കമ്പനി സിഇഒ കൂടിയായ ആരോണ്‍ ഷെപേര്‍ഡ് പറഞ്ഞു. മികച്ച വേഗത്തില്‍ അനായാസം ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ കൈകാര്യം ചെയ്യാന്‍ എപിഎസിന്റെ ക്ലൗഡ് അടിസ്ഥാനത്തിന് സാധിക്കും. ഏകീകൃത രീതിയിലുള്ള ലോകത്തെ ഏക സംവിധാനമാണിത്. ഏറ്റവും ആധുനികവും സമഗ്ര മോഡുലാര്‍ സൊല്യൂഷന് നല്‍കുന്നതുമായ സോഫ്റ്റ് വെയര്‍ സംവിധാനമാണ് ലോകോത്തര ബ്രാന്‍ഡായ ഐബിഎസിന് കൈവരാന്‍ പോകുന്നത്. പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള ഐബിഎസിന്റെ പ്രയാണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് ആവേശകരമായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടല്‍ റൂം ബുക്കിംഗുമായി ബന്ധപ്പെട്ട് ലളിതമായ രീതികളാണ് ഇന്നത്തെ വിപണിക്കാവശ്യമെന്ന് ഐബിഎസിന്റെ ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിഭാഗം മേധാവി പീറ്റര്‍ ക്രെബ്സ് പറഞ്ഞു. പരമ്പരാഗത സാങ്കേതികവിദ്യയില്‍ കെട്ടിയിടപ്പെട്ട് കിടക്കുന്ന നിരവധി ബിസിനസുകളാണിവിടെയുള്ളത്. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമാണ് എപിഎസിന്റെ സേവനങ്ങള്‍. ഈ മേഖലയില്‍ നിരവധി വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന സേവനങ്ങളാണ് ഇവര്‍ പ്രദാനം ചെയ്യാന്‍ പോകുന്നത്. ആരോണ്‍ ഷെപേര്‍ഡും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘവും ഐബിഎസിനൊപ്പമാണെന്നത് ഏറെ ആത്മവിശ്വാസവും ആവേശവും നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ പുറത്തിറങ്ങിയ എച്ടുസി ആഗോള ഹോസ്പിറ്റാലിറ്റി ഡിസ്ട്രിബ്യൂഷന്‍ പഠന പ്രകാരം വന്‍കിട ഹോട്ടലുകളിലെ 89 ശതമാനം വിതരണവും സിആര്‍എസ് വഴിയാണ്. മാത്രമല്ല 60 ശതമാനം വരുന്ന ഇടത്തരം ഹോട്ടലുകളില്‍ 20 ശതമാനവും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സിആര്‍എസിലേക്ക് മാറുകയാണെന്നും സൂചിപ്പിക്കുന്നു.