റേഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറുകാര്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. കരാറുകാരില്‍ ഒരു വിഭാഗം പ്രഖ്യാപിച്ച പണിമുടക്കാണ് പിന്‍വലിച്ചത്. ശനിയാഴ്ച മുതല്‍ ആരംഭിച്ച പണിമുടക്കാണ് കരാറുകാര്‍ പിന്‍വലിച്ചത്. അതേസമയം കരാറുകാരുടെ പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം 3.61 ലക്ഷം ആളുകള്‍ റേഷന്‍ കൈപറ്റി. കരാറുകാര്‍ സമരം നടത്തിയ മറ്റ് ദിവസങ്ങളിലും ഇത്തരത്തില്‍ സുഗമമായി റേഷന്‍ വിതരണം നടന്നു.
2023 നവംബറിലെ കുടിശികയും ഡിസംബര്‍ മാസത്തെ കമ്മിഷന്‍ പൂര്‍ണമായും നല്‍കുന്നതിന് പണം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ച്ചയായി ബാങ്ക് അവധിയാകുന്നതിനാലാണ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് തുക ലഭ്യമാകുന്നതിന് കാലതാമസം നേരിടുന്നതെന്നും പണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടെങ്കിലും കരാറുകാര്‍ സമരം തുടരുകയായിരുന്നു.
സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സമയത്ത് തന്നെ തുക കരാറുകാരുടെ അക്കൗണ്ടില്‍ എത്തുകയും ചെയ്തു. റേഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോണ്‍ട്രാക്ടര്‍മാരുടെ ഇത്തരം അനാവശ്യമായ സമര രീതികളെ കര്‍ശനമായി നേരിടുമെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.