റിയാദ്: 10ാമത് കേളി ഫുട്ബാൾ ടൂർണമെന്റിന്റെ ഭാഗമായി കാണികൾക്കായി ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ പദ്ധതിയിലെ സമ്മാനങ്ങൾ വിതരണം ചെയ്തു. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനവിതരണ ചടങ്ങിൽ പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുദു മാർക്കറ്റിങ് മാനേജർ പവിത്രൻ, ചെറീസ് റെസ്റ്റോറന്റ് എം.ഡി സജി ജോർജ് എന്നിവരും പങ്കെടുത്തു.
കേളി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമ്മാനപദ്ധതി ഏർപ്പെടുത്തിയത്. കഴിഞ്ഞ ഒമ്പത് തവണയും വ്യത്യസ്തങ്ങളായ സമ്മാന പദ്ധതികളാണു കേളി ഏർപ്പെടുത്തിയിട്ടുള്ളത്. തുടക്കത്തിൽ കറിപൗഡറുകളും എയർ ടിക്കറ്റുകളുമായിരുന്നു സമ്മാനങ്ങളായി നൽകിയിരുന്നതെങ്കിൽ പിന്നീട് ഒന്നാം സമ്മാനങ്ങളായി കാറും 10 പവൻ സ്വർണവും 14 സ്കൂട്ടറുകളും തുടങ്ങി വ്യത്യസ്തങ്ങളായ സമ്മാനങ്ങൾ പ്രവാസികൾക്കായി നൽകാൻ കേളിക്ക് കഴിഞ്ഞു.
10ാമത് ടൂർണമെന്റിന്റെ ഭാഗമായി 13 സ്കൂട്ടറുകളും 132 ഗ്രാം സ്വർണവുമാണ് 26 പേർക്കായി ഏർപ്പെടുത്തിയിരുന്നത്. കൂടാതെ ഏരിയാ തലത്തിൽ നൂറിലേറെ സമ്മാനങ്ങൾ വേറെയും ഏർപ്പെടുത്തിയിരുന്നു.
കേളിയുടെ 12 ഏരിയാ കമ്മിറ്റികളുടെ കീഴിലും കുടുംബവേദിയുടെ കീഴിലും ഒന്നാം സമ്മാനമായി ഒരു സ്കൂട്ടറും രണ്ടാം സമ്മാനമായി സ്വർണ നാണയവുമാണു നൽകിയിട്ടുള്ളത്. സ്കൂട്ടറുകൾ നാട്ടിലാണ് വിതരണം ചെയ്യുക. പ്രതീകാത്മകമായി ചടങ്ങിൽ താക്കോലുകൾ കൈമാറി. സമ്മാനാർഹരിൽ ഒട്ടനവധി പേർ ‘ഹൃദയപൂർവം കേളി’ പൊതിച്ചോർ പദ്ധതിയിലേക്ക് സമ്മാനത്തിന്റെ ഒരു വിഹിതം സംഭാവന ചെയ്തു. സമ്മാനപദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ബത്ഹ ഏരിയ സെക്രട്ടറി രാമകൃഷ്ണനെ പൊന്നാടയണിച്ചു ആദരിച്ചു. ഫുട്ബാൾ ടൂർണമെന്റിൽ അച്ചടക്കമുള്ള ടീമായി തെരഞ്ഞെടുക്കപ്പെട്ട റെയിൻബോ സോക്കറിനുള്ള ട്രോഫിയും കാഷ് പ്രൈസും ടൂർണമെൻറ് ടെക്നിക്കൽ കൺവീനർ ഷറഫുദ്ദീൻ ചടങ്ങിൽവെച്ച് കൈമാറി. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സമ്മാന പദ്ധതി കോഓഡിനേറ്റർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു