ഡല്‍ഹി: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങ് ജനുവരി 22ന് നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പ് വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സൈബര്‍ തട്ടിപ്പുകളാണ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വ്യാപകമാവുന്നത്. ആപ് ഇൻസ്റ്റാള്‍ ചെയ്താല്‍ ക്ഷേത്രത്തിലേക്ക് ഒരാള്‍ക്ക് വി.വി.ഐ.പി ദര്‍ശനം ലഭിക്കുമെന്ന സന്ദേശമാണ് വാട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നത്.
വാട്സാപ്പ് മെസേജിനൊപ്പം ‘രാം ജന്മഭൂമി ഗൃഹ് സമ്ബര്‍ക്ക് അഭിയാൻ’ എന്ന പേരിലുള്ള ആപും ഇൻസ്റ്റാള്‍ ചെയ്യാനുള്ള ലിങ്കുമുണ്ട്. ആപില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പടെ നല്‍കിയാല്‍ വി.വി.ഐ.പി ദര്‍ശനവും പ്രസാദവുമെല്ലാം ലഭിക്കുമെന്നാണ് വാഗ്ദാനം. എന്നാല്‍, ഇത്തരത്തില്‍ ഈ ആപ് ഇൻസ്റ്റാള്‍ ചെയ്താല്‍ അത് ചെയ്യുന്നവരുടെ പാസ്വേഡുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോരുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ ആപ് ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയാവും തട്ടിപ്പ് നടത്തുക. ഇതിനൊപ്പം രാമക്ഷേത്രത്തിന് ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് ക്യു ആര്‍ കോഡ് തട്ടിപ്പും സമൂഹമാധ്യമങ്ങളിലുടെ നടക്കുന്നുണ്ട്. പല സംഘടനകളുടെ പേരിലും ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജനുവരി 22ാം തീയതി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രവേശനമുള്ളു. അതിന് ശേഷം ക്ഷേത്രത്തിലെ പ്രവേശനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന ദിവസങ്ങളില്‍ ഹോട്ടല്‍ ബുക്കിങ്ങുകള്‍ പരമാവധി റദ്ദാക്കി ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചവര്‍ക്ക മുറി നല്‍കാൻ ശ്രദ്ധിക്കണമെന്ന് അറിയിച്ചിരുന്നു.