ദുബൈ: ജനുവരി പകുതി പിന്നിട്ടതോടെ രാജ്യത്ത് ഏറ്റവും കടുത്ത ശൈത്യ കാലാവസ്ഥക്ക് തുടക്കമായി. രാജ്യത്തിന്റെ പർവത മേഖലകളിലും മരുഭൂമിയിലും തീരദേശ മേഖലകളിലുമെല്ലാം തണുപ്പ് വർധിച്ചിട്ടുണ്ട്. പർവത മേഖലകളിൽ താപനില അഞ്ച് ഡിഗ്രിയിലും കുറയാറുണ്ട് . ഇത്തവണ 5.3 ഡിഗ്രി വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഗൾഫ് മേഖലയിൽ ജനുവരി 12 മുതൽ 24 വരെയുള്ള സമയത്താണ് അതിശൈത്യം അനുഭവപ്പെടാറുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ മിക്ക എമിറേറ്റുകളിലും നല്ല തണുപ്പാണ് രേഖപ്പെടുത്തിയത്. പുതുവർഷം പിറന്നശേഷം രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില അൽഐനിലെ റക്ന പ്രദേശത്താണ് രേഖപ്പെടുത്തിയത്. ഇവിടെ തിങ്കളാഴ്ച 6.5 ഡിഗ്രിയാണ് തിങ്കളാഴ്ചത്തെ താപനില. അബൂദബിയിലെതന്നെ മരുഭൂപ്രദേശങ്ങളായ ദംത, മിസൈറ, ഗസ്യൂറ, അൽശുഐബ എന്നിവിടങ്ങളിലാണ് കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയ മറ്റു സ്ഥലങ്ങൾ.
റാസൽഖൈമയിലെ പർവത മേഖലയായ ജബൽ ജൈസിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏഴ് ഡിഗ്രി വരെ രേഖപ്പെടുത്തിയിരുന്നു. ജബൽജൈസ് അടക്കം വിവിധ പ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ താപനില വീണ്ടും കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
തണുപ്പ് ശക്തമായതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ക്യാമ്പിങ് നടത്തുന്നവരുടെയും സന്ദർശിക്കുന്നവരുടെയും എണ്ണം വർധിച്ചിട്ടുണ്ട്. ജബൽ ജെയ്സിൽ നിരവധി സന്ദർശകർ വിവിധ എമിറേറ്റുകളിൽ നിന്നെത്തി കാമ്പിങ്ങും മറ്റും ആസ്വദിക്കുന്നുണ്ട്. ദുബൈയിലെ ഹത്തയിലും നിരവധി സന്ദർശകരെത്തുന്നുണ്ട്. രാജ്യത്തെ വിവിധ മരുഭൂ ക്യാമ്പിങ് സ്ഥലങ്ങളിലും തിരക്കേറിയിട്ടുണ്ട്. ഈ സീസണിലെ തണുപ്പുകാലം ഡിസംബർ 21മുതൽ ആരംഭിച്ചതായാണ് വിദഗ്ധർ വിശദീകരിച്ചിട്ടുള്ളത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് ശക്തമല്ല. ഡിസംബറിലെ ശരാശരി താപനില മുൻവർഷത്തെ ഡിസംബറിലേതിനേക്കാൾ കൂടുതലാണ്.
വിനോദസഞ്ചാരികളെ സ്വാഗതംചെയ്തുകൊണ്ട് 4ാമത് ശൈത്യകാല കാമ്പയിൻ ‘ലോകത്തെ ഏറ്റവും മികച്ച ശൈത്യകാലം’ എന്ന തലക്കെട്ടിൽ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും വിദേശസഞ്ചാരികളെ രാജ്യത്തെ മനോഹരമായ തണുപ്പുകാലം ആസ്വദിക്കാൻ സ്വാഗതം ചെയ്യുകയുമാണ് ലക്ഷ്യം. കഴിഞ്ഞ മൂന്നു തണുപ്പുകാല കാമ്പയിൻ സീസണുകളിലായി സഞ്ചാരികളുടെ എണ്ണം 14 ലക്ഷമായി ഉയരുകയും ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു