റിയാദ്: 2034ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന പ്രധാനപ്പെട്ട വേദിയാവും ഖിദ്ദിയയിലെ നിർദിഷ്ട അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയമെന്ന് ഖിദ്ദിയ്യ ഇൻവെസ്റ്റ്മെൻറ് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുല്ല ബിൻ നാസർ അൽ ദാവൂദ് പറഞ്ഞു. തുവൈഖ് പർവതത്തിലെ മനോഹരമായ സ്ഥലത്തിനും പുതിയ നഗരത്തിന്റെ കാഴ്ചക്കുമിടയിൽ അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം മനോഹരമായ ഒരു ഐക്കണിനെ പ്രതിനിധീകരിക്കുമെന്നും അൽദാവൂദ് പറഞ്ഞു.
ലോകോത്തര രൂപകൽപനക്കും നൂതന സാങ്കേതികവിദ്യക്കും പുറമേ ലോകോത്തര വിനോദവും കായികമത്സരങ്ങളും സംഘടിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് സ്റ്റേഡിയം നിർമിക്കുക. അൽനസ്ർ, അൽഹിലാൽ ക്ലബുകളുടെ ഹോം സ്റ്റേഡിയമായും ഇത് മാറും. നിരവധി പ്രധാന പ്രാദേശിക, അന്തർദേശീയ ഫുട്ബാൾ മത്സരങ്ങൾക്ക് ഈ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും വിധമാണ് സ്റ്റേഡിയത്തിന്റെ രൂപകൽപന. റഗ്ബി, ബോക്സിങ്, മിശ്ര ആയോധന മത്സരങ്ങൾ, ഇ-സ്പോർട്സ് ടൂർണമെന്റുകൾ, പ്രധാന പ്രദർശനങ്ങൾ, സംഗീത മേളകൾ പോലുള്ള ഏത് പരിപാടിക്കും വേദിയാക്കാൻ കഴിയും വിധം സ്റ്റേഡിയം ഏതാനും മണിക്കൂറുകൾക്കുള്ളിൽ അടിമുടി മാറ്റാനാകും.
അദ്വിതീയ സാങ്കേതികവിദ്യകളിൽ മടക്കാവുന്നതും നീക്കം ചെയ്യാവുന്നതുമായ ഫ്ലോർ, സീലിങ്, മുകൾ മതിൽ എന്നിവ ഉൾപ്പെടുന്നതാണ് സ്റ്റേഡിയമെന്നും അൽദാവൂദ് പറഞ്ഞു. സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ്യ സിറ്റി, വാട്ടർ പാർക്ക് എന്നിവ പോലുള്ള മുൻനിര ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടുന്ന നഗരത്തിന്റെ താഴ്ഭാഗത്തെ മനോഹരമായ കാഴ്ച നൽകുന്നതിന് സ്റ്റേഡിയത്തിന്റെ ഒരു വശം തുറക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇത് നിർമിക്കുക. സ്റ്റേഡിയത്തിന്റെ ബാഹ്യവും ആന്തരികവുമായ ചുവരുകളും മേൽക്കൂരയും 1.5 കിലോമീറ്റർ നീളമുള്ള ഡിസ്പ്ലേ സ്ക്രീനുകൾ കൊണ്ട് നിർമിച്ചതായിരിക്കും.
ഇത് ആളുകൾക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടികളും മത്സരങ്ങളും പതിന്മടങ്ങ് വലുപ്പത്തിലും മിഴിവോടെയും ആസ്വദിക്കാനാവും. നൂതന കാലാവസ്ഥാ നിയന്ത്രണ സാങ്കേതികവിദ്യയാണ് പുതിയ സ്റ്റേഡിയത്തിൽ സജ്ജീകരിക്കുന്ന മറ്റൊരു ശ്രദ്ധേയമായ സാങ്കേതികവിദ്യ. വലിയ അളവിൽ ഊർജം ഉപയോഗിക്കാതെ വർഷം മുഴുവനും പരിപാടികളും മത്സരങ്ങളും നടത്താൻ ഇത് സഹായിക്കും. സ്റ്റേഡിയത്തിനടിയിൽ നേരിട്ട് പരിസ്ഥിതി സൗഹൃദ തടാകം സൃഷ്ടിച്ചാണ് നിർമിതി. സ്റ്റേഡിയത്തിൽ നിന്നും പരിസരത്തുനിന്നും ശേഖരിക്കുന്ന മഴവെള്ളം എയർകണ്ടീഷൻ സംവിധാനത്തിലേക്ക് പമ്പ് ചെയ്യും. അത് സെൻട്രൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്ന വായുവിനെ തണുപ്പിക്കുമെന്നും അൽദാവൂദ് പറഞ്ഞു. സ്പോർട്സ്, വിനോദം, സാംസ്കാരിക രംഗങ്ങളിൽ ആഗോളതലത്തിൽ മുൻനിര കേന്ദ്രമായി ഖിദ്ദിയ മാറണമെന്നാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും അൽദാവൂദ് സൂചിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു