തൊടുപുഴ: ആകെയുണ്ടായിരുന്ന പ്രതീക്ഷയായ പശുക്കൾ കൂട്ടത്തോടെ ചത്ത് നിരാശയിലായ കുട്ടിക്കർഷകൻ മാത്യു ബെന്നിക്കും കുടുംബത്തിനും വിവിധ മേഖലകളിൽ നിന്നാണ് സഹായം എത്തിയത്. ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി അഞ്ചു പശുക്കളെ നൽകാമെന്നുള്ള പ്രഖ്യാപനം അതിൽ പ്രധാനമായിരുന്നു. ഒട്ടും വൈകാതെ മന്ത്രി താൻ പ്രഖ്യാപിച്ച പശുക്കളുമായി ഇന്ന് രാവിലെ മാത്യുവിന്റെ വീട്ടിലെത്തി കൈമാറി.
സംസ്ഥാനത്തെ മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് നേടിയ കാലം മുതൽ മാത്യുവുമായി നല്ല ബന്ധത്തിലാണ് താൻ എന്ന് മന്ത്രി പറഞ്ഞു. ഒന്നര ലക്ഷം രൂപ മുടക്കി മിൽമ മുൻപ് തൊഴുത്ത് നിർമിച്ചു നൽകിയിരുന്നു. നല്ല രീതിയിൽ പശുപരിപാലനം നടത്തിയിരുന്ന മാത്യുവിനും കുടുംബത്തിനും അതിലൂടെ കൂടുതൽ ഉത്പാദനം നേടുന്നതിന് സാധിച്ചിരുന്നില്ല. ഇത് പരിഹരിക്കുന്നതിന് ഉത്പാദന ക്ഷമതയേറിയ എച്ച്എഫിന്റെ അഞ്ചു പശുക്കളെയാണ് കൈമാറിയതെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനാവശ്യമായ ഭക്ഷണക്രമരീതികളുടെ പരിശീലനം മാത്യുവിന് നൽകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വ്യാപകമായി പാലുത്പ്പാദനം വർധിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങൾ സംബന്ധിച്ച് സെമിനാർ ആരംഭിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൊടുപുഴ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി (15) എന്ന പത്താം ക്ലാസുകാരിൻ്റെ 13 കന്നുകാലികളാണ് കൂട്ടത്തോടെ ചത്തത്. പശുവും കിടാവും മൂരിയും ഉൾപ്പെടെ 13 കന്നുകാലികൾക്ക് തീറ്റയായി നൽകിയ കപ്പത്തൊണ്ടിൽനിന്ന് വിഷബാധയേൽക്കുകയായിരുന്നു. അമ്മ ഷൈനി, ജ്യേഷ്ഠൻ ജോർജ്, അനുജത്തി റോസ്മേരി എന്നിവരുൾപ്പെട്ട കുടുംബത്തിൻ്റെ ഏക ഉപജീവനമാർഗമായിരുന്നു കന്നുകാലികൾ. കന്നുകാലികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് വിഷമവൃത്തിയിലായ കുടുംബത്തെ നാടൊന്നാകെ സഹായിക്കുകയായിരുന്നു. ജനപ്രതിനിധികളും ചലച്ചിത്ര താരങ്ങളും കുടുംബത്തിന് താങ്ങായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു