തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. നാലാം താലപ്പൊലി ആഘോഷിക്കുന്ന ജനുവരി 18നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പൊയ്യ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര – സംസ്ഥാന, അർധസർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമന പരീക്ഷകൾക്കും അവധി ബാധകമല്ല.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിന് ഈ മാസം 14ന് തുടക്കമായി. നാലുനാൾ നീളുന്ന താലപ്പൊലി മഹോത്സവത്തിൻ്റെ വരവ് അറിയിച്ച് 13ന് ക്ഷേത്ര മണ്ഡപത്തിന് പുറത്ത് സംഘക്കളി നടന്നു. ഒന്നാം താലപ്പൊലി ദിനമായ 15ന് കുഡുംബികളുടെയും മലയരൻമാരുടെയും പ്രത്യേക ചടങ്ങുകൾ നടന്നു.
Read also:ഇ-മാലിന്യത്തെ ‘ഡിലീറ്റാ’ക്കാൻ ക്ലീൻ കേരള,ആദ്യം സർക്കാർ ഓഫീസുകളിൽ
15ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഒൻപത് ആനകൾ അണിനിരന്ന എഴുന്നള്ളിപ്പ് നടന്നു. 16ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് എഴുന്നള്ളിപ്പ്. നാലാം താലപ്പൊലി ദിനമായ 18 വരെ ഒൻപത് ആനകളുടെ എഴുന്നള്ളിപ്പ് തുടരും. അതേസമയം താലപ്പൊലി ഉത്സവത്തിന് ഇക്കുറി വലിയ തമ്പുരാൻ കെ കുഞ്ഞുണ്ണി രാജ (92) നായകത്വം വഹിക്കില്ല. പ്രായാധിക്യം മൂലം വിശ്രമത്തിലായതിനാലാണ് ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നത്. പകരം കോവിലകം പ്രതിനിധികൾ പങ്കെടുക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു