ന്യൂയോർക്ക്: പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവാനുള്ള തിരഞ്ഞെടുപ്പിൽനിന്ന് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. അയോവയിൽ കനത്ത പരാജയം നേരിട്ടതിനു പിന്നാലെയാണ് 38കാരനായ വിവേക് മത്സര രംഗത്തുനിന്ന് പിന്മാറാൻ തീരുമാനിച്ചത്.
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവേക് രാമസ്വാമിക്കെതിരെ വിമർശനവുമായി ട്രംപ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. വിവേക് വഞ്ചകനും ഇടനിലക്കാരനും ആണെന്നായിരുന്നു ട്രംപിന്റെ പരാമർശം. വിവേകിന് വോട്ടു ചെയ്താൽ അത് മറുവശത്താണ് ഉപകരിക്കുകയെന്നും പറഞ്ഞു.
വിവേകിന് പിന്തുണ വർധിക്കുന്നുവെന്ന നിരീക്ഷണത്തെ തുടർന്നാണ് ട്രംപ് വിമർശനവുമായി രംഗത്തുവന്നത്.
നേരത്തെ ട്രംപിനെ 21–ാം നൂറ്റാണ്ടിലെ മികച്ച പ്രസിഡന്റാണെന്ന് വിവേക് വിശേഷിപ്പിച്ചിരുന്നു. റിപ്പബ്ലിക്കൻ വോട്ടർമാർ പുതിയ സ്ഥാനാർഥിയെ ആഗ്രഹിക്കുന്നില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചനയെന്ന് വിവേക് പറഞ്ഞു.
വിവേകിന്റെ പിന്മാറ്റത്തോടെ മുൻ യുഎൻ അംബാസഡർ നിക്കി ഹാലെ, ഫ്ളോറിഡ ഗവർണർ റോൺ ഡി സാന്റിസ് എന്നിവരാണ് ട്രംപിനെതിരെ മത്സര രംഗത്തുള്ള മറ്റു സ്ഥാനാർഥികൾ. അയോവയിൽ ഡോണള്‍ഡ് ട്രംപിന് 25,813 വോട്ടും ഡി സാന്റിസിന് 10,036 വോട്ടും നിക്കി ഹാലെയ്ക്ക് 9,387 വോട്ടുമാണ് ലഭിച്ചത്. വിവേക് രാമസ്വാമിക്ക് 3,805 വോട്ട് ലഭിച്ചു.