യു.എ.ഇയുടെ വടക്കൻ എമിറേറ്റുകളിലെ തോട്ടങ്ങളിൽ നിന്ന് വീശുന്ന കാറ്റിനിപ്പോൾ മാമ്പൂവിന്റെ മണമാണ്. മൂവാണ്ടനെയും കിളിച്ചുണ്ടനെയും വിട്ട് പുറവാസിയായ മലയാളിക്ക് ഗൃഹാതുരത പകരുന്നതാണ് ഈ മാവു പൂക്കും കാലം. യു.എ.ഇയിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നിരവധി മാന്തോപ്പുകളുണ്ട്. മാമ്പഴ വർഗത്തിലെ മഹാരാജാവായ അൽഫോൻസ മുതൽ മൂവാണ്ടൻ വരെ ഇവിടെ ധാരാളമായി കൃഷിചെയ്യുന്നു.
Read also:ബസുമതി അരിക്ക് അംഗീകാരം
ദിബ്ബ, മസാഫി, ഖോർഫക്കാൻ, റാസൽഖൈമ, അൽ ദൈദ്, ഹീലിയോ, ഹത്ത, മസ്ഫൂത്ത് തുടങ്ങിയ വടക്കൻ പ്രദേശങ്ങളിലെല്ലാം തന്നെ ധാരാളം മാന്തോട്ടങ്ങൾ പ്രവർത്തിക്കുന്നു. മരുഭൂമിയിലെ കാലാവസ്ഥയെ മെരുക്കിയെടുത്താണ് കൃഷി. മാന്തോട്ടങ്ങളിൽ ചീരയും ജർജീലും വഴുതനയും വെണ്ടയും പച്ചമുളകും സമാന്തരമായി കൃഷി ചെയ്യുന്നു. മാവിന് പിറകെ മരുഭൂമിയുടെ മധുരമായ ഈത്തപ്പനകളും കുലയിടാൻ തുടങ്ങി. വടക്കൻ മേഖലയിൽ പൂങ്കുലകളിൽ പരാഗണം നടത്തുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. വെവ്വേറെ പനകളിൽ ഉണ്ടാകുന്ന ആൺ–പെൺ പൂവുകൾ കൃത്രിമമായി പരാഗണം നടത്തുന്ന ജോലികൾ കൃത്യസമയത്ത് തന്നെ നടത്തിയിരിക്കണമെന്നാണ് ശാസ്ത്രം. വൈകിയാൽ പഴങ്ങൾക്ക് വലുപ്പവും രുചിയും കുറയും.
മാമ്പഴ കാലം ഇവിടെ തീരാറില്ല. വിവിധ രാജ്യങ്ങളിൽ നിന്ന് മാങ്ങകൾ ഇവിടെ എത്തുന്നു. എന്നാൽ സ്വദേശ തോട്ടങ്ങളിൽ നിന്ന് എത്തുന്ന മാങ്ങക്ക് ആവശ്യക്കാരേറെയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു