ഉറക്കത്തിൽ വേണ്ട വിട്ടുവീഴ്ച്ച
ഒരു ദിവസത്തെ ഉറക്കക്കുറവ് പോലും ഊർജസ്വലമായി കാര്യങ്ങൾ ചെയ്തുതീർക്കുന്നതിനെ സാരമായി ബാധിക്കും. കൂടാതെ ദീർഘനാളായി ഉറക്കം കുറയുന്നത് പലതരത്തിലുള്ള മാനസിക-ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകാം.
മതിയായ ഉറക്കം ലഭിക്കാത്തവരിൽ തൊട്ടടുത്ത ദിവസം വളരെ അസ്വസ്ഥമായിരിക്കും. സമ്മർദം, ഊർജമില്ലായ്മ, ഉത്കണ്ഠ തുടങ്ങിയവയെല്ലാം പിന്നാലെ വരാം. അതിനാൽ ചിട്ടയോടെയുള്ള ഉറക്കം ശീലമാക്കണം. ഉറങ്ങുന്നതിനും എഴുന്നേൽക്കുന്നതിനുമൊക്കെ കൃത്യമായ സമയം പാലിക്കാം. ദിവസവും ഏഴുമുതൽ എട്ടുമണിക്കൂർ വരെ ഉറക്കം ലഭിച്ചിരിക്കണം.
സോഷ്യൽമീഡിയ അഡിക്ഷൻ കുറയ്ക്കാം
മിക്കവരും രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ സോഷ്യൽമീഡിയയിൽ സ്ക്രോളിങ് തുടങ്ങുന്നവരാണ്. ദിവസത്തിൽ മണിക്കൂറുകളോളം സോഷ്യൽമീഡിയക്ക് മുന്നിൽ ചടഞ്ഞിരിക്കുന്നവരുമുണ്ട്. ഫലമോ ജോലിയിലും പഠനത്തിലും മറ്റുകാര്യങ്ങളിലുമൊന്നും മതിയായ താൽപര്യമുണ്ടാകില്ല. അതിനാൽ സാമൂഹികമാധ്യമ ഉപയോഗത്തിൽ ഒരു നിയന്ത്രണം കൊണ്ടുവരുന്നതാകട്ടെ മറ്റൊരു ശീലം.
രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ സാമൂഹികമാധ്യമത്തിൽ പരതുന്ന ശീലംമാറ്റി ഉപയോഗപ്രദമായ കാര്യങ്ങൾക്ക് ശ്രദ്ധകൊടുക്കാം.
വെള്ളം കുടിക്കണം ആവോളം
പലരും വെള്ളംകുടിക്കുന്ന കാര്യത്തിൽ അൽപം മടികാണിക്കുന്നവരാണ്. മൂത്രത്തിൽ പഴുപ്പ് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ വരുമ്പോൾ മാത്രം വെള്ളംകുടി കുറഞ്ഞതിനേക്കുറിച്ച് ചിന്തിക്കുന്നവരാണ് ഏറെയും. ആ ശീലത്തിൽ മാറ്റംവരുത്തി വെള്ളംകുടിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യില്ലെന്നും തീരുമാനമെടുക്കാം.
വെള്ളത്തിനൊപ്പം പഴങ്ങൾ, പച്ചക്കറികൾ, സൂപ്പ് മുതലായവ ധാരാളം കഴിച്ചും ശരീരത്തിലെ ജലാംശം നിലനിർത്തണം. ദാഹിക്കുമ്പോഴെല്ലാം പിന്നത്തേക്കുമാറ്റിവെക്കാതെ വെള്ളംകുടിക്കുന്നതു ശീലമാക്കണം.
വ്യായാമം തുടങ്ങാം
വ്യായാമക്കുറവുമൂലം അമിതവണ്ണം മാത്രമല്ല പല ജീവിതശൈലീ പ്രശ്നങ്ങളും ഇന്ന് സാധാരണമായിട്ടുണ്ട്. ഷുഗർ, പ്രഷർ, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളേയെല്ലാം ഒരുപരിധിവരെ പ്രതിരോധിക്കാൻ വ്യായാമത്തിനാവും.
പേശികളുടെ പ്രവർത്തനത്തേയും മാനസികാരോഗ്യത്തേയുമെല്ലാം വ്യായാമം മെച്ചപ്പെടുത്തും. ജിമ്മിൽ പോകുന്നതുമാത്രമല്ല വ്യായാമം എന്നും മനസ്സിലാക്കണം. നടത്തം, സ്കിപ്പിങ്, നീന്തൽ പോലുള്ളവയും ഗുണംചെയ്യും.
ആരോഗ്യകാര്യങ്ങളിൽ വേണ്ട വിട്ടുവീഴ്ച്ച
പലരും എന്തെങ്കിലും ലക്ഷണങ്ങൾ കാണുമ്പോൾ മാത്രം ഡോക്ടർമാരെ കാണുന്നവരും വിദഗ്ധ ഉപദേശം തേടുന്നവരുമാണ്. എന്നാൽ അതുമാത്രം പോര. ആരോഗ്യകരമായ ജീവിതം തുടരുന്നതിന് കൃത്യമായി ചെക്കപ്പുകളും തുടരേണ്ടതുണ്ട്.
ബി.പി., കൊളസ്ട്രോൾ, ഷുഗർ തുടങ്ങിയവ സമയാസമയം പരിശോധിക്കുകയും കാൻസർ സ്ക്രീനിങ്ങുകൾ നടത്തുകയും ചെയ്യേണ്ടതാണ്. എല്ലാവർഷവും ഫുൾ ബോഡി ചെക്കപ്പ് ചെയ്യുന്നതും ആരോഗ്യാവസ്ഥകൾ നിർണയിക്കാൻ സഹായിക്കും.
അവനവനുവേണ്ടിയും സമയം കണ്ടെത്തണം
തിരക്കുകൾക്കിടയിൽ അവനവനുവേണ്ടി സമയം കണ്ടെത്തേണ്ടതും പ്രധാനമാണ്. അതിലും ഈ വർഷത്തിൽ വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് ഉറപ്പാക്കണം. ശാരീരികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ പ്രധാനമാണ് മാനസികാരോഗ്യം.
മനസ്സ് എത്രത്തോളം ആരോഗ്യകരമായി കാക്കുന്നുവോ അത്രത്തോളം പല അസുഖങ്ങളേയും പ്രതിരോധിക്കാനുമാവും. അതിനാൽ സമ്മർദം കുറയ്ക്കുകയും മനസ്സിന് സന്തോഷം പകരുകയും ചെയ്യുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്തണം. വായനയോ, വ്യായാമോ, ഇഷ്ടമുള്ള ഹോബികളോ, പുതിയ കാര്യങ്ങൾ പഠിക്കലോ എന്തുമായിക്കൊള്ളട്ടെ, അവനവനു വേണ്ടിമാത്രം അൽപസമയം നീക്കിവെക്കാൻ കഴിഞ്ഞിരിക്കണം.
ഭക്ഷണത്തിലും വേണം മാറ്റം
പല ജീവിതശൈലീരോഗങ്ങൾക്കും പിന്നിലെ പ്രധാനകാരണങ്ങളിലൊന്നായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് അനാരോഗ്യകരമായ ഭക്ഷണരീതിയാണ്. രുചിയുള്ളതെല്ലാം വാരിവലിച്ചു കഴിച്ചിരുന്നതാണ് ശീലമെങ്കിൽ ഈ വർഷംമുതൽ അതിനൊരു മാറ്റംവരുത്താം.
മധുരത്തിന്റെ ഉപയോഗം കുറയ്ക്കുകയും പച്ചക്കറികളും പഴവർഗങ്ങളും ഡയറ്റിൽ ധാരാളം ഉൾപ്പെടുത്തുകയും വേണം. ഇഷ്ടമുള്ളവയെല്ലാം പൊടുന്നനെ ഉപേക്ഷിക്കുകയല്ല വേണ്ടത്. മറിച്ച് ധാരാളം മധുരം കഴിച്ചിരുന്നയാളാണെങ്കിൽ അതിന്റെ അളവ് പടിപടിയായി കുറച്ചുകൊണ്ടുവരണം. വറുത്തതുംപൊരിച്ചതും കുറയ്ക്കുകയും പുറത്തുനിന്നുള്ള ഭക്ഷണം കുറയ്ക്കുകയും ചെയ്യുന്നതം ഗുണംചെയ്യും.