അയോവ: റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള ആദ്യ തിരഞ്ഞെടുപ്പിൽ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിജയം.
അയോവ കോക്കസിലാണ് ട്രംപ് ജയിച്ചത്. നിരവധി കേസുകളിൽ വിചാരണ തുടരുന്നതിനിടെയാണ് ട്രംപിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്. നവംബറിലാണ് യുഎസിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.
മുൻ യുഎൻ അംബാസഡർ നിക്കി ഹാലെ, ഫ്ളോറിഡ ഗവർണർ റോൺ ഡി സാന്റിസ് എന്നിവരാണ് മത്സര രംഗത്തുള്ള മറ്റു സ്ഥാനാർഥികൾ.
ഡോണള്‍ഡ് ട്രംപിന് 25,813 വോട്ടും ഡി സാന്റിസിന് 10,036 വോട്ടും നിക്കി ഹാലെയ്ക്ക് 9,387 വോട്ടുമാണ് ലഭിച്ചത്. വിവേക് രാമസ്വാമിക്ക് 3,805 വോട്ട് ലഭിച്ചു.
അയോവയിൽ വിജയിച്ചെങ്കിലും റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവാൻ ട്രംപിനു മുന്നിൽ ഇനിയും കടമ്പകളേറെയുണ്ട്. രാജ്യത്ത് ആകെയുള്ള ഡെലഗേറ്റുകളിൽ 2 ശതമാനത്തിൽ താഴെ മാത്രമാണ് അയോവയിലുള്ളത്.
മറ്റിടങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിലും വിജയിക്കാനായാൽ മാത്രമേ ട്രംപിന് സ്ഥാനാർഥിയാവാൻ കഴിയൂ. ന്യൂ ഹാംപ്ഷെയർ, നെവാഡ, സൗത്ത് കരോലിന എന്നിവിടങ്ങളിൽനിന്നുള്ള പിന്തുണ നിർണായകമാണ്.