ഒരു ദിവസം തൊണ്ട വേദനയിലാണു കാര്യങ്ങൾ തുടങ്ങിയത്. പിന്നെയത് ശരീരവേദനയായി, പനിയായി, ചുമയായി, കഫക്കെട്ടായി. 3 ദിവസത്തിനു ശേഷമാണു കിടക്കയിൽ നിന്ന് എഴുന്നേൽക്കാനായത്. ശരീരവേദനയ്ക്കു നിവൃത്തിയില്ലാതെ പെയിൻ കില്ലർ സ്പ്രേ പോലും അടിക്കേണ്ടി വന്നു– ഡോക്ടർക്കു മുന്നിൽ ക്ഷീണം മാറാതെ ഇരിക്കുന്ന രോഗിയുടെ വാക്കുകൾ.
ഇങ്ങനെ വൈറൽ പനിയുടെ കടുത്ത അസ്വസ്ഥതയിലൂടെ കടന്നുപോയവർ ഒട്ടേറെ. പലരും അതിന്റെ ആഘാതത്തിൽ നിന്നു പൂർണമായും മുക്തരായിട്ടില്ല. പനി മാറിയതിനു ശേഷവും ആഴ്ചകളോളം നീണ്ടു നിൽക്കുന്ന വിട്ടുമാറാത്ത ചുമയും ക്ഷീണവുമായാണു പലരും തള്ളിനീക്കുന്നത്.
ഇൻഫ്ലുവൻസ വൈറസാണു പ്രധാനമായും പ്രശ്നക്കാരൻ. ഇൻഫ്ലുവൻസ വൈറസ് തന്നെ പലതരത്തിലുണ്ട്. ഇതിനു പുറമേ കൊറോണ വൈറസിന്റെ വകഭേദങ്ങളും രംഗത്തുണ്ട്. എല്ലാം ഏകദേശം സമാനസ്വഭാവത്തിലുള്ള രോഗലക്ഷണങ്ങളുള്ളത്.
. ലക്ഷണങ്ങൾ
. പനി, ചുമ, ശരീരവേദന, ചെറിയ ശ്വാസംമുട്ട് തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. രോഗബാധിതർക്കു ശാരീരികപ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കിയാൽ മരണം പോലുള്ള ഗുരുതര സാഹചര്യം ഇതുമൂലമുണ്ടാകുന്നില്ലെന്നത് ആശ്വാസം.
. ചുമയ്ക്കുമ്പോഴും മറ്റും പുറത്തു പോകുന്ന ശരീരസ്രവത്തിലൂടെയാണു രോഗം പകരുന്നത്. അതുകൊണ്ടു തന്നെ രോഗികളും രോഗം വരാൻ സാധ്യതയുള്ളവരും മാസ്ക് ധരിക്കുകയെന്നതാണു രോഗം പകരാതിരിക്കാനുള്ള നല്ല മാർഗം. ആവി പിടിക്കുകയും ചൂടുവെള്ളം കവിൾ കൊള്ളുകയുമൊക്കെ ചെയ്യുന്നത് ആശ്വാസം പകരാമെങ്കിലും അതൊന്നും രോഗപ്രതിവിധിയല്ല.
പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾക്കാണു ചികിത്സ. വൈറസ് മൂലമുള്ള അസുഖമായതുകൊണ്ടു തന്നെ ആന്റിബയോട്ടിക്കിന്റെ ആവശ്യമില്ല. അതേസമയം, കഫം കൂടുകയും മഞ്ഞനിറമായി മാറുകയും ചെയ്യുകയാണെങ്കിൽ ബാക്ടീരിയ അണുബാധ കൂടിയുണ്ടായതായി മനസ്സിലാക്കണം. അപ്പോൾ ആന്റിബയോട്ടിക് ചികിത്സ ആവശ്യമായി വരും.
പ്രായം ചെന്നവർ, അനുബന്ധരോഗങ്ങളുള്ളവർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ എന്നിവരിൽ ഇതു ന്യുമോണിയയായി മാറാം.
ഡെങ്കിപ്പനിയും ഇപ്പോൾ വ്യാപകമാണെങ്കിലും വൈറൽ പനിക്ക് അതിൽ നിന്നു പ്രകടമായ ചില വ്യത്യാസങ്ങളുണ്ട്. വൈറൽ പനിയിൽ പതിവുള്ള ചുമയും ജലദോഷവും പോലുള്ള ലക്ഷണങ്ങൾ ഡെങ്കിപ്പനിക്ക് ഉണ്ടാകില്ല. പനി, ശരീരവേദന, കടുത്ത തലവേദന എന്നിവയാണു ഡെങ്കിയുടെ പ്രധാന ലക്ഷണങ്ങൾ.
ഡിസംബർ അവസാനത്തോടെ പനി ബാധിതരുടെ എണ്ണത്തിൽ അൽപം കുറവുണ്ടായിട്ടുണ്ട്. എങ്കിലും നേരത്തേ പനി ബാധിച്ചവർക്കുള്ള ശാരീരിക പ്രശ്നങ്ങൾ തുടരുന്നു. പനി 5 ദിവസത്തിൽ മാറുമെങ്കിലും ചുമയും ക്ഷീണവും കുറച്ചു ദിവസങ്ങൾ കൂടി തുടരും.
. പ്രതിവിധി
. മതിയായ വിശ്രമമാണു ശരിയായ ചികിത്സ.
. ധാരാളം വെള്ളം കുടിക്കുകയും വേണം.