ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാംദിനം അവസാനിച്ചിരിക്കുകയാണ്. മണിപ്പുരില്‍ ഞായറാഴ്ച തുടക്കം കുറിച്ച യാത്ര 15 സംസ്ഥാനങ്ങളിലെ 100 ലോക്സഭാ മണ്ഡലങ്ങളിലൂടെ 6713 കിലോമീറ്റര്‍ പിന്നിട്ട് മാര്‍ച്ച് 20-നോ 21-നോ മുംബൈയില്‍ സമാപിക്കും. ലിഫ്റ്റടക്കമുള്ള സൗകര്യങ്ങളോടെ പ്രത്യേകമായി നിര്‍മിച്ച വോള്‍വോ ബസിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഹുലിന്റെ യാത്ര. കോണ്‍ഗ്രസ് ഏറ്റവും ഒടുവിലായി അധികാരം പിടിച്ച തെലങ്കാനയിലാണ് ഈ ബസ് രജിസ്റ്റ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയം.
ബസിന്റെ മുകളില്‍ നിന്നുകൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ലിഫ്റ്റ് സജ്ജമാക്കിയിട്ടുണ്ട്. സാമൂഹിക സംഘടനാ പ്രതിനിധികള്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള കോണ്‍ഫറന്‍സ് റൂമാണ് ബസിന്റെ പ്രധാന പ്രത്യേകത. ഇന്ന് മണിപ്പുരില്‍ രണ്ടിടങ്ങളില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി രാഹുല്‍ ബസിന്റെ മുകളിലേക്കെത്തിയത് അതിലെ ലിഫ്റ്റ് ഉപയോഗിച്ചായിരുന്നു.
ബസിനുള്ളിലെ കോണ്‍ഫറന്‍സ് റൂമിന് എട്ട് പേരെ ഉള്‍ക്കൊള്ളാനാകും. ബസിന്റെ വശത്തായി ഘടിപ്പിച്ചിട്ടുള്ള സ്ക്രീനില്‍ ഇവിടെ നടക്കുന്ന കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങള്‍ പുറത്തുള്ളവര്‍ക്ക് കാണാന്‍ സാധിക്കും.
ബസിന്റെ പുറക് വശത്തായി ‘സ്നേഹത്തിന്റെ കട’യെന്ന് ഹിന്ദിയലും ഇംഗ്ലീഷിലുമായി ആലേഖനം ചെയ്തുകൊണ്ട് രാഹുലിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടേയും ചിത്രങ്ങളും പതിപ്പിച്ചിട്ടുണ്ട്. ബസില്‍ ശുചിമുറിയും സജ്ജമാക്കിയിട്ടുണ്ട്. മണിപ്പുര്‍-നാഗലാന്‍ഡ് അതിര്‍ത്തിയായ മാവോയിലാണ് രണ്ടാംദിനത്തില്‍ യാത്ര അവസാനിപ്പിച്ചത്. യാത്ര നാളെ നാഗാലാന്‍ഡില്‍ നിന്ന് പുനരാരംഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു