ദുബൈ: എമിറേറ്റിലെ 28 പ്രദേശങ്ങൾക്ക് പുതിയ പേര് നൽകി ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ്. പുതുതായി വികസിക്കുന്നതും നേരത്തെയുള്ളതുമായ സ്ഥലങ്ങൾ അടക്കം സുപ്രധാന സ്ഥലങ്ങളുടെ പേരുകളാണ് പുതുക്കിയത്. ഇതനുസരിച്ച് നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’ എന്നറിയപ്പെടും.
അപ്പാർട്മെന്റുകളും ഓഫിസുകളും ഹോട്ടലുകളും അടക്കമുള്ള നിരവധി കെട്ടിടങ്ങളുള്ള പ്രദേശമാണിത്. ഡൗൺടൗൺ, ബിസിനസ് ബേ, ജെ.എൽ.ടി, ദുബൈ മറീന എന്നിവയടക്കം പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇവിടം നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും ഇടയിൽ പ്രശസ്തമാണ്. അതോടൊപ്പം സ്വദേശികൾക്ക് താമസത്തിന് വീടുകൾ നിർമിക്കുന്ന പ്രദേശത്തിന് ‘മദീനത് ലത്വീഫ’ എന്ന നാമവും നൽകും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മാതാവ് ശൈഖ ലത്വീഫ ബിൻത് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാന്റെ പേരാണ് പ്രദേശത്തിന് നൽകിയിരിക്കുന്നത്. ഇവിടെ പൗരന്മാർക്ക് 3,500 പ്ലോട്ടുകളും 2,300 താമസയോഗ്യമായ വീടുകളുമാണ് അനുവദിച്ചിട്ടുള്ളത്. പേരുമാറ്റമുണ്ടായ സ്ഥലങ്ങൾ(ബ്രാക്കറ്റിൽ പഴയ നാമം): അൽ ത്വായ് (അൽ ഖവാനീജ്-3), അൽ ഥനിയ സെക്കൻഡ് (അൽ മദ്മാർ), മദീനത് ദുബൈ അൽ മലാഹിയ (അൽ മിനാ), അൽഥനിയ ഫസ്റ്റ് (അൽ സഫൂഹ് തേഡ്), അൽ സൂഖ് അൽ കബീർ (അൽ സൂഖ് അൽ കബീർ ദുബൈ), സെയ്ഹ് ശുഐബ്-2 (ഇൻഡസ്ട്രിയൽ സിറ്റി ഫസ്റ്റ്), സെയ്ഹ് ശുഐബ്-3 (ഇൻഡസ്ട്രിയൽ സിറ്റി സെക്കൻഡ്), സെയ്ഹ് ശുഐബ്-4 (ഇൻഡസ്ട്രിയൽ സിറ്റി തേഡ്), അൽഥനിയ ഫിഫ്ത് (എമിറേറ്റ്സ് ഹിൽസ് ഫസ്റ്റ്), അൽഥനിയ തേർഡ്(എമിറേറ്റ്സ് ഹിൽസ് സെക്കൻഡ്), അൽഥനിയ ഫോർത്ത് (എമിറേറ്റ്സ് ഹിൽസ് തേർഡ്), അൽ ഖീറാൻ (ഫെസ്റ്റിവൽ സിറ്റി സെക്കൻഡ്), അൽ ഹിബിയ്യ ഫിഫ്ത്ത് (ഗോൾഫ് ക്ലബ്), ജബൽ അലി ഇൻഡസ്ട്രിയൽ ഫസ്റ്റ്(ജബൽ അലി ഇൻഡസ്ട്രിയൽ), ജബൽ അലി ഫസ്റ്റ്(ജബൽ അലി വില്ലേജ്), അൽ ബർഷ സൗത്ത് ഫസ്റ്റ് (ജുമൈറ വില്ലേജ് ഫസ്റ്റ്), അൽ ബർഷ സൗത്ത് ഫിഫ്ത്ത് (ജുമൈറ വില്ലേജ് സെക്കൻഡ്), അൽ ഹിബ്യ ഫസ്റ്റ്(മോട്ടോർ സിറ്റി), വാദി അൽ സഫ-6 (റേഞ്ചസ്), ബുർജ് ഖലീഫ(ശൈഖ് സായിദ് റോഡ്), അൽ ഹിബ്യ ഫോർത്ത് (സ്പോർട്സ് സിറ്റി), അൽ ഹിബ്യ സെക്കൻഡ് (സ്പോർട്സ് സിറ്റി ഫസ്റ്റ്), മദീനത് ഹിന്ദ്-1 (ഉമ്മു നഹദ്-1), മദീനത് ഹിന്ദ്-2 (ഉമ്മു നഹദ്-2), മദീനത് ഹിന്ദ്-3 (ഉമ്മു നഹദ്-3), മദീനത് ഹിന്ദ്-4 (ഉമ്മു നഹദ്-4, അൽ യുഫ്റ-2, അൽ യുഫ്റ-3), ഗബീർ അൽ തയ്ർ (അൽ ഗോസ് സെക്കൻഡ്), മദീനത് ലത്വീഫ (ഇസ്ലാൽ). പേരുമാറ്റം പ്രഖ്യാപിച്ചെങ്കിലും എപ്പോഴാണ് നടപ്പിലാവുകയെന്ന് വ്യക്തമായിട്ടില്ല. റോഡുകൾക്ക് പേരിടുന്നതിന് ദുബൈ അടുത്തിടെ പുതിയ സംവിധാനം പ്രഖ്യാപിച്ചിരുന്നു. സംരംഭത്തിന്റെ ആദ്യഘട്ടത്തിൽ അൽ ഖവാനീജ് 2 ഏരിയയിലെ റോഡുകൾക്ക് പ്രാദേശിക മരങ്ങളുടെയും പൂക്കളുടെയും പേരുകൾ നൽകി. പ്രാദേശികമായി കാണപ്പെടുന്ന ഏറ്റവും പ്രശസ്തമായ വൃക്ഷമെന്ന നിലയിലാണ് അൽ ഗാഫ് സ്ട്രീറ്റിന് പേര് ലഭിച്ചത്. അതുപോലെ മറ്റ് തെരുവുകൾക്ക് അൽ സിദ്ർ, ബാസിൽ, അൽ ഫാഗി, അൽ സമർ, അൽ ശാരിഷ് എന്നിങ്ങനെ പേരുകൾ ലഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു