ദോഹ: ഗസ്സയിലെ ഇസ്രായേലിന്റെ കൊടും ക്രൂരതകൾക്കെതിരെ ലോകത്തിൻെറ പ്രതിഷേധവും ഫലസ്തീനികളോടുള്ള ഐക്യദാർഢ്യവുമായി ഏഷ്യൻ കപ്പ് ഫുട്ബാളിലെ പോരാട്ടം. ഗ്രൂപ്പ് ‘സി’യിലെ മത്സരത്തിൽ ഇറാൻ 4-1ന് ജയിച്ചെങ്കിലും സ്കോർ ബോർഡിലെ ഫലത്തിനപ്പുറം, ഫലസ്തീനുവേണ്ടി ഗാലറിയും ഗ്രൗണ്ടും ഒന്നിച്ച ഒരു അപൂർവ പോരാട്ടമായി എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ കളി മാറി.
ഫലസ്തീൻ ദേശീയ പതാകയേന്തിയും ഷാൾ അണിഞ്ഞും തലപ്പാവായ കഫിയ്യ ധരിച്ചും പതിനായിരങ്ങൾ ഗാലറിയിലേക്കൊഴുകിയപ്പോൾ വൻകരയുടെ അങ്കം, കളിയേക്കാളുപരി രാഷ്ട്രീയ പ്രദർശനമായി. ഒരു കൈയിൽ ഇറാന്റെയും, മറുകൈയിൽ ഫലസ്തീന്റെയും പതാകയേന്തിയും മുഖത്ത് ഇരുവശങ്ങളിലായി രണ്ടു രാജ്യങ്ങളുടെയും ചായമണിഞ്ഞും നടന്നു നീങ്ങുന്ന ഇറാനി ആരാധകരും ഈ കളിയുടെ മാത്രം വേറിട്ടകാഴ്ചയായി.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധം നൂറു ദിവസത്തിലെത്തിയ അതേ ദിനത്തിലായിരുന്നു പിറന്ന മണ്ണിന്റെ യശസ്സുയർത്താൻ ഫലസ്തീനികൾ ഏഷ്യൻ കപ്പിന്റെ പോരാട്ട ഭൂമിയിലിറങ്ങിയത്. കളിയിൽ സമസ്ത മേഖലയിലും ഇറാനു തന്നെയായിരുന്നു മേധാവിത്വം. രണ്ടാം മിനിറ്റിൽ കരിം അൻസാരിഫാദിന്റെ ഗോളിൽ തുടങ്ങിയ ഇറാനു വേണ്ടി ഷോജ ഖലിൽ സാദ് (12ാം മിനിറ്റ്), മെഹ്ദി ഗായിദ് (38), സർദാർ അസ്മൗൻ (55) എന്നിവർ ഗോളുകളടിച്ചു പട്ടിക തികച്ചു.
എന്നാൽ, ആദ്യ പകുതി പിരിയും മുമ്പേ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ താമിർ സിയാം നേടിയ ഫലസ്തീന്റെ ഏക ഗോൾ മതിയായിരുന്നു ഗാലറിക്ക് അവസാന മിനിറ്റുവരെ അലകടലായി ആരവമുയർത്താൻ. കിക്കോഫ് വിസിൽ മുഴക്കത്തിന് മുമ്പ് ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനമുയർന്നു കേട്ടതിനു പിന്നാലെ, ഗസ്സയിൽ മരിച്ചു വീണ 24,000ത്തോളം വരുന്ന മനുഷ്യ ജീവനുകൾക്ക് ആദരമായി ഏതാനും നിമിഷത്തേക്ക് മൗനമാചരിച്ച് ഗാലറി ഒന്നടങ്കം നിശബ്ദമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു